എസ്എംവൈഎം, മാതൃവേദി മരിയൻ തീർഥാടനം നാളെ
1588473
Monday, September 1, 2025 11:16 PM IST
കാഞ്ഞിരപ്പള്ളി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലിയോടു ചേർന്നും കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലിക്കൊരുക്കമായും രൂപതയിൽ മാതൃവേദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന്റെ 30ാം വാർഷികത്തോടനുബന്ധിച്ചും നാളെ രൂപതാ എസ്എംവൈഎമ്മും മാതൃവേദിയും സംയുക്തമായി മരിയൻ തീർഥാടനം നടത്തും.
രാവിലെ 9.30ന് രൂപതയിലെ വിവിധ ഇടവകയിൽ നിന്നുള്ള മാതാക്കളും യുവജനങ്ങളുമൊരുമിച്ച് സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ ദിവ്യകാരുണ്യാരാധനയിൽ പങ്കുചേരും. തുടർന്ന് പഴയപള്ളിയിലേക്ക് കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റി പരിശുദ്ധ അമ്മയുടെ 30 പ്രത്യക്ഷീകരണങ്ങൾ ഉൾച്ചേർത്തുകൊണ്ട് ജപമാല പ്രദക്ഷിണം നടത്തും.
പ്രദക്ഷിണം പള്ളിയിലെത്തുമ്പോൾ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മരിയൻ സന്ദേശം നൽകും. തുടർന്ന് എസ്എംവൈഎം രൂപതാ ഡയറക്ടർ ഫാ. തോമസ് നരിപ്പാറ, മാതൃവേദി രൂപതാ ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും.
സമ്പൂർണ ബൈബിൾ പകർത്തിയെഴുതിയ കുടുംബങ്ങളെയും മാർ ജോസ് പുളിക്കൽ അനുമോദിക്കും. മാതൃവേദി, എസ്എംവൈഎം സംഘടനകളുടെ രൂപത, ഫൊറോന ഭാരവാഹികൾ മരിയൻ തീർഥാടനത്തിനു നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ എസ്എംവൈഎം രൂപതാ ഡയറക്ടർ ഫാ. തോമസ് നരിപ്പാറ, മാതൃവേദി രൂപതാ ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, മാതൃവേദി, എസ്എംവൈഎം രൂപതാ അനിമേറ്റേഴ്സ് സിസ്റ്റർ റോസ്മി എസ്എബിഎസ്, സിസ്റ്റർ ബ്രിജിറ്റ് എസ്എബിഎസ്, എസ്എംവൈഎം രൂപതാ വൈസ് പ്രസിഡന്റ് സീനാ ജോയി, ഡെപ്യൂട്ടി പ്രസിഡന്റ് ഡിജു കൈപ്പൻപ്ലാക്കൽ, മാതൃവേദി ജോയിന്റ് സെക്രട്ടറി ടെസി മുട്ടത്ത്, എക്സിക്യൂട്ടീവ് അംഗം ജൂബി വേഴന്പശേരിയിൽ എന്നിവർ പങ്കെടുത്തു.