നുഴഞ്ഞുകയറാൻ ശ്രമം; ലോറി വീണ്ടും കുടുങ്ങി
1588508
Monday, September 1, 2025 11:16 PM IST
പാലാ: റിവര്‍ വ്യൂ റോഡില്‍ വലിയ പാലത്തിനു താഴ്ഭാഗത്തുകൂടി അനുവദനീയമായതിലും കൂടുതല്‍ ഉയരത്തില്‍ ലോഡുമായെത്തുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കിനിടയാക്കുന്നു. പാലത്തിനടിയില്‍ നിരവധി തവണ വാഹനങ്ങള്‍ കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ അമിത ലോഡുമായി എത്തിയ ഇതര സംസ്ഥാന ലോറിക്കു പാലത്തിനടിയിലൂടെ കടന്നുപോകാന്‍ കഴിയാതിരുന്നത് ഗതാഗതം സ്തംഭിപ്പിച്ചു.
പാലത്തിനടിയിലൂടെ കടന്നുപോകാവുന്ന വാഹനങ്ങളുടെ നിശ്ചിത ഉയരം മുന്നറിയിപ്പായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് അവഗണിക്കുന്നതാണ് പ്രശ്നങ്ങള്ക്കിടയാക്കുന്നത്.
മുന്നറിയിപ്പിനായി വച്ചിരിക്കുന്ന ഇരുമ്പ് പൈപ്പിന്റെ അടിയിലൂടെ ഭാരവണ്ടികള്‍ കടന്നുപോകുമെങ്കിലും വലിയ പാലത്തിന് അടിഭാഗത്ത് എത്തുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയില്ല. ഇതു റിവര്‍ വ്യൂ റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുണ്ട്. പാലത്തിനു കീഴിലെ തടസത്തെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കണമെന്ന ആവശ്യമുയരുന്നുണ്ട്. രാത്രിയില്‍ വലിയ ഭാരവണ്ടികള്‍ പാലത്തില്‍ തട്ടി വാഹനത്തിനു കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്.