‘ചിങ്ങനിലാവ് 2025’ ജില്ലാതല ഓണാഘോഷത്തിന് നാളെ തുടക്കം
1588590
Tuesday, September 2, 2025 2:43 AM IST
കോട്ടയം: ജില്ലാതല ഓണാഘോഷ പരിപാടി ചിങ്ങനിലാവ് നാളെ തുടക്കമാകും. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായി എട്ടു വരെ തിരുനക്കര മൈതാനത്താണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. നാളെ വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഗവണ്മെന്റ് ചീഫ് വിപ് ഡോ.എന്‍. ജയരാജ് ഓണസന്ദേശം നല്‍കും. എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ. മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവര്‍ മുഖ്യാതിഥികളാകും. എംഎല്‍എമാരായ മോന്‍സ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പന്, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചാണ്ടി ഉമ്മന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന പരിപാടിക്കു ശേഷം ജാസി ഗിഫ്റ്റിന്റെ സംഗീത പരിപാടി നടക്കും.
രാവിലെ ഒന്‍പതു മുതല്‍ കോട്ടയം വൈഎംസിഎ ഹാളില്‍ അത്തപ്പൂക്കള മത്സവും പത്തുമുതല്‍ സിഎംഎസ് കോളേജ് മൈതാനിയില്‍ സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. നാലു മുതല്‍ ഏഴു വരെ ദിവസങ്ങളില്‍ വൈകുന്നേരം യഥാക്രമം വൈക്കം മാളവികയുടെ നാടകം ജീവിതത്തിന് ഒരു ആമുഖം, കോട്ടയം മഴവില്‍ മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേള, ഇടുക്കി കനല് നാടന്‍ കലാസംഘം അവതരിപ്പിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും പ്രോജക്ട് ജി.എസ്. ബാന്‍ഡിന്റെ സംഗീതപരിപാടി എന്നിവ അരങ്ങേറും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിലുള്ള കലാപരിപാടികളും വിവിധ ദിവസങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
എട്ടിന് സമാപനച്ചടങ്ങിനു മുന്നോടിയായി വൈകുന്നേരം നാലിന് പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നു തിരുനക്കര മൈതാനത്തേക്കു സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. 5.30ന് തിരുനക്കര മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്കാരജേതാവ് നടന് വിജയരാഘവനെ ചടങ്ങില്‍ ആദരിക്കും.