ലാറ്റക്സ് ഫാക്ടറിക്കെതിരേ നാട്ടുകാര്‍ സമരരംഗത്ത്
1588589
Tuesday, September 2, 2025 2:43 AM IST
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ലാറ്റക്സ് ഫാക്ടറിക്കെചതിരേ നാട്ടുകാര്‍ സമരരംഗത്ത്. പറമ്പ്രം പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രദേശവാസികളെ സ്വന്തം സ്ഥലത്ത് ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ രാവിലെ കടുത്തുരുത്തി പഞ്ചായത്ത് ഓഫീസിലേക്ക് അവകാശ സംരക്ഷണ പദയാത്രയും തുടര്‍ന്ന് ധര്‍ണയും നടത്തി.
പദയാത്ര എന്‍എപിഎം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. അനീഷ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ എന്‍എപിഎം ദേശീയ നിര്‍വാഹക സമിതിയംഗം ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. ജോര്‍ജ് മുല്ലക്കര, സി.ജെ. തങ്കച്ചന്, അരുണിമ റോയി, ദിലീപ് കൈതക്കല്‍, സവിത ചാത്തന്‍കുന്ന്, അഡ്വ. റോയി ജോര്‍ജ്, ബിജു കലയന്താനം, വിന്‍സന്റ് ചിറയില്‍, ടോമി മഠത്തിക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിതയ്ക്കു സമരക്കാര്‍ ഒപ്പിട്ട നിവേദനം കൈമാറി. 20 വര്‍ഷം മുമ്പാണ് മുട്ടുചിറ പറമ്പ്രം പ്രദേശത്ത് 13 ഏക്കറില്‍ ലാറ്റക്സ് ഫാക്ടറി (റബറും വെള്ളവും തമ്മില്‍ വേര്‍തിരിക്കുന്ന) സ്ഥാപിച്ചത്. ഇവിടെ മതിയായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാത്തതാണ് ജലമലിനീകരണത്തിനും വായൂ മലിനീകരണത്തിനും കാരണമാകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഫാക്ടറി സ്ഥാപിച്ചിരിക്കുന്ന പുരയിടത്തില്‍ കെട്ടിനിര്‍ത്തുന്ന മലിനജലം മൂലം സമീപപ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ മലിനമാകുന്നതായും ഈ വെള്ളം കാലങ്ങളായി ഉപയോഗിച്ചു പ്രദേശവാസികളായവര്‍ പലരും രോഗികളായെന്നും നാട്ടുകാര്‍ പറയുന്നു.