വല്യമ്മയുടെ കളഞ്ഞുപോയ കിറ്റിന് പകരമായി എരുമേലി പോലീസിന്റെ നന്മയോണം
1588739
Tuesday, September 2, 2025 11:23 PM IST
എരുമേലി: കടം മേടിച്ച 500 രൂപ കൊണ്ട് വാങ്ങിയ അരിയും സാധനങ്ങളുമായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം ബസ് കാത്തിരുന്ന വയോധിക ബസ് വന്നപ്പോൾ അരികിൽ ആ കിറ്റില്ല.
കാണാതായ കിറ്റ് കിട്ടാൻ വേണ്ടി മണിക്കൂറോളം സ്റ്റാൻഡിൽ ഇരുന്ന് ഒടുവിൽ നിരാശയോടെ കണ്ണിമലയിലെ തന്റെ വീട്ടിൽ എത്തി ഒരു ദിവസം പിന്നിട്ടപ്പോൾ പോലീസിന്റെ വിളി, അമ്മേ സ്റ്റേഷൻ വരെ ഒന്ന് വരാവോ, കാണാതായ കിറ്റ് തരാം.
തന്റെ സങ്കടം എങ്ങനെ പോലീസ് അറിഞ്ഞെന്ന അദ്ഭുതത്തിലായിരുന്നു ആ അമ്മ. സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് നൽകിയ കിറ്റ് തന്റേതല്ലെന്ന് അമ്മ പറഞ്ഞു. സാരമില്ല, ഇത് സ്വന്തം കിറ്റായി കരുതി കൊണ്ടുപോയി ഓണം ആഘോഷിക്കണമെന്ന് പോലീസ് നിർബന്ധപൂർവം പറഞ്ഞതോടെ അമ്മ അത് വാങ്ങി വീട്ടിലേക്ക് സന്തോഷത്തോടെ മടങ്ങി.
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അഞ്ച് കിലോഗ്രാം അരിയും പലവ്യഞ്ജന സാധനങ്ങളും ഒരു കുടയും ഉൾപ്പടെയാണ് വല്യമ്മയ്ക്ക് കിറ്റിൽ നഷ്ടപ്പെട്ടത്. പോലീസ് നൽകിയ കിറ്റിലാകട്ടെ അതിലേറെ സാധനങ്ങളും പുത്തൻ കുടയും ഉണ്ടായിരുന്നു. തന്റെ കിറ്റും സാധനങ്ങളും നഷ്ടപ്പെട്ടപ്പോൾ സ്റ്റാൻഡിലെ കച്ചവടക്കാരോട് അമ്മ വിവരം പറയുകയും ഇവരെല്ലാം ചേർന്ന് തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. വ്യാപാരികളിൽനിന്നാണ് ഈ വിവരം എരുമേലി പോലീസ് അറിഞ്ഞത്.
ഏതോ ഒരു സ്ത്രീ വല്യമ്മയുടെ കിറ്റ് അറിയാതെ എടുത്തു കൊണ്ടുപോയെന്നാണ് പോലീസ് അന്വേഷണത്തിൽ മനസിലായെങ്കിലും സ്ത്രീയെ കണ്ടെത്താനായില്ല. ഇതോടെയാണ് വല്യമ്മയ്ക്ക് നഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങി നൽകാൻ പോലീസുകാർ തീരുമാനിച്ചത്.