ഊഞ്ഞാൽ കണ്ടിട്ടില്ലെന്നു കുട്ടികൾ; ഊഞ്ഞാൽ കെട്ടി മണിമല പള്ളി
1588781
Tuesday, September 2, 2025 11:24 PM IST
മണിമല: ജീവിതത്തിൽ ഇന്നേവരെ ഒാണഊഞ്ഞാൽ കണ്ടിട്ടില്ലെന്നു കുട്ടികൾ പറഞ്ഞപ്പോൾ വൈദികർ അന്പരന്നുപോയി. എങ്കിൽ പള്ളി മുറ്റത്തുതന്നെ കുട്ടികൾക്ക് ഈ ഒാണക്കാലത്ത് ഊഞ്ഞാൽ കെട്ടിക്കൊടുക്കാൻ അവർ തീരുമാനിച്ചു.
മണിമല ഹോളിമാഗി പള്ളിയിലാണ് കുട്ടികൾക്കായി ഊഞ്ഞാൽ കെട്ടി നൽകിയത്. ഊഞ്ഞാൽ കണ്ടിട്ടേയില്ലെന്നു ചില കുട്ടികൾ പറഞ്ഞതു മനസിൽ സ്പർശിച്ചതുകൊണ്ടാണ് വികാരി ഫാ. എബ്രാഹം തയ്യിൽ നെടുംപറമ്പിലും അസിസ്റ്റന്റ് വികാരി ഫാ. വർഗീസ് ചിറയിലും ഊഞ്ഞാൽ കെട്ടാൻ തീരുമാനിച്ചത്. തുടർന്നു ദേവാലയ ശുശ്രൂഷി ജോസുകുട്ടി ആലപ്പാട്ടിന്റെ നേതൃത്വത്തിൽ പള്ളിമുറ്റത്ത് ഊഞ്ഞാൽ കെട്ടുകയായിരുന്നു. തിരുബാലസഖ്യം കുട്ടികളും സൺഡേ സ്കൂൾ കുട്ടികളും അധ്യാപകരും ഊ
ഞ്ഞാലാട്ടം ആസ്വദിച്ചു.
മാതാപിതാക്കൾ കൊച്ചുകുട്ടികളെ കൊണ്ടുവന്ന് ഊഞ്ഞാലിലിരുത്തി.
ഓണാഘോഷത്തിന്റെ ഭാഗമായി സൺഡേ സ്കൂൾ അധ്യാപകർ തയാറാക്കിയ സദ്യയും വേറിട്ടതായിരുന്നു. ഓരോ വിഭവങ്ങളും ഓരോ അധ്യാപകരാണ് തയാറാക്കി കൊണ്ടുവന്നത്. യുവജനങ്ങൾ പള്ളിമുറ്റത്ത് എത്തിച്ചേർന്ന എല്ലാവർക്കും വിവിധ മത്സരങ്ങൾ നടത്തി സമ്മാനവും വിതരണം ചെയ്തു.
വൈദികരെ കൂടാതെ ഹെഡ്മിസ്ട്രസ് ഡെയ്സമ്മ ചാക്കോ, അധ്യാപകരായ ബെന്നി തോമസ്, അനീഷ് കെ. തോമസ്, ബിനോയി വർഗീസ് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.