യാത്രക്കാർക്ക് ഓണസമ്മാനവുമായി സ്വകാര്യ ബസുകൾ
1588740
Tuesday, September 2, 2025 11:23 PM IST
പൊൻകുന്നം: ബസിലെ യാത്രക്കാർക്ക് ഉപ്പേരി വിതരണം ചെയ്ത് സ്വകാര്യ ബസ് ജീവനക്കാർ. കോട്ടയം-എരുമേലി റൂട്ടിൽ സർവീസ് നടത്തുന്ന അമീൻ, ബോയിംഗ്, ലക്ഷ്മി എന്നീ ബസുകളിലാണ് ഇന്നലെ വേറിട്ട ഓണാഘോഷം നടന്നത്. ഉപ്പേരിയും ശർക്കരവരട്ടിയും അടങ്ങിയ ചെറിയ പായ്ക്കറ്റുകളാണ് യാത്രക്കാർക്ക് ബസ് ജീവനക്കാർ നൽകിയത്. എല്ലാ യാത്രക്കാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ മാനേജ്മെന്റ് ആൻഡ് സ്റ്റാഫ് അമീൻ, ബോയിംഗ്, ലക്ഷ്മി എന്ന് രേഖപ്പെടുത്തിയ കവറിലാണ് ഉപ്പേരി വിതരണം ചെയ്തത്.
എല്ലാ വർഷവും ഓണത്തിന് ഉപ്പേരിയും ക്രിസ്മസിന് കേക്കും സ്ഥിരം യാത്രക്കാർക്ക് വിതരണം ചെയ്യാറുണ്ടെന്ന് അമീൻ ബസുടമ യൂസഫ് ചിറക്കുഴി പറഞ്ഞു. ഇതിനു പുറമേ ബസിൽ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാരിൽ ആരെങ്കിലും അവർ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നു സ്ഥലം മാറിപ്പോവുകയോ പെൻഷനാവുകയോ ചെയ്താൽ അവർക്ക് ഗിഫ്റ്റ് നൽകാറുണ്ടെന്നും യൂസഫ് പറഞ്ഞു. ഇതിന് പുറമേ ബസിൽ സ്ഥിരം യാത്രക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുമുണ്ട്.