ബാങ്കുകള്‍ വ്യവസായസൗഹൃദ സമീപനം സ്വീകരിക്കണം: ഫ്രാന്‍സിസ് ജോര്‍ജ്
1588591
Tuesday, September 2, 2025 2:43 AM IST
കോട്ടയം: വ്യവസായങ്ങള്‍ക്ക് ലോണ്‍ അനുവദിക്കുന്ന കാര്യത്തിലും അവരുടെ പ്രവര്‍ത്തനങ്ങളിലും ബാങ്കുകള്‍ സൗഹൃദ സമീപനം സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ബാങ്കേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പലപ്പോഴും ബാങ്കുകളുടെ ഇടപെടലുകള്‍ വ്യവസായികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന എന്തെങ്കിലും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്ക് പ്രതികാര മനോഭാവത്തോടെ ഇടപെടുന്ന ഒറ്റപ്പെട്ട സംഭവങ്ങളുമുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ വി.ആര്. രാഗേഷ് അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ രാജു ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. എസ്ബിഐ എജിഎം വിവേക് പി. നായര്‍, സുരേഷ് കുമാര്‍, അലക്സാണ്ടര്‍ ഹരീഷ് മുത്തെത്ത് എന്നിവര്‍ പ്രസംഗിച്ചു.