വഴിവിളക്കുകൾ കത്തിക്കാൻ നടപടിയില്ല : ഓണാഘോഷം ബഹിഷ്കരിച്ച് ധർണ നടത്താൻ പ്രതിപക്ഷം
1588989
Wednesday, September 3, 2025 7:26 AM IST
ചങ്ങനാശേരി: കഴിഞ്ഞ ഒരു വർഷമായി നഗരസഭാ പരിധിയിൽ വഴിവിളക്കുകൾ കത്തിക്കാൻ ടെണ്ടർ നടപടികളടക്കം ഒരു തീരുമാനവും കൈക്കൊള്ളാൻ ഭരണസമിതിക്ക് കഴിഞ്ഞില്ലെന്നാരോപിച്ച് നഗരസഭയിൽ ഇന്നു നടക്കുന്ന ഓണാഘോഷ പരിപാടികൾ ബഹിഷ്കരിച്ച് ധർണ നടത്തുമെന്ന് പ്രതിപക്ഷ കൗൺസിലർമാർ അറിയിച്ചു.
വഴിവിളക്കുകൾ കത്താത്തത് മൂലം നഗരത്തിലെ ഭൂരിഭാഗം വഴികളും ഇരുട്ടിലാണ്. ഇതുസംബന്ധിച്ചു നിരവധി തവണ ആവശ്യമുന്നയിച്ചെങ്കിലും യാതൊരു നടപടിയും കൈക്കൊള്ളാൻ ഭരണസമിതി തയാറായില്ല.
എല്ലാ വാർഡുകളിലും തെരുവുനായ ശല്യം രൂക്ഷമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനും നഗരസഭ ഇടപെടുന്നില്ല. നഗരപരിധിയിലെ ഭൂരിഭാഗം റോഡുകളും തകർന്നു കിടക്കുകയാണ്. റോഡുകൾ പുനർനിർമിക്കാനും യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല.
പരാജയപ്പെട്ടു നിൽക്കുന്ന ഭരണസമിതിക്കൊപ്പം ഓണം ആഘോഷിക്കാൻ താല്പര്യമില്ലെന്നും ഈ വിഷയങ്ങൾ ഉന്നയിച്ച് ഇന്ന് നഗരസഭാ കവാടത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ കൗൺസിലർമാരായ ജോമി ജോസഫ്, എം. മധുരാജ്, സന്തോഷ് ആന്റണി, ബെന്നി ജോസഫ്, സ്മിതാ സുരേഷ് എന്നിവർ അറിയിച്ചു.