കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തി : ദമ്പതികളെ അപായപ്പെടുത്താൻ ശ്രമം
1589257
Thursday, September 4, 2025 7:15 AM IST
വെച്ചൂർ: വയോധികരായ ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിലെ കുടിവെള്ള ടാങ്കിൽ വിഷം കലർത്തി വീട്ടുകാരെ കൊലപ്പെടുത്താൻ സാമൂഹ്യവിരുദ്ധർ ശ്രമിച്ചതായി പരാതി. വെച്ചൂർ കൊടുതുരുത്തിൽ താമസിക്കുന്ന എൺപത്തിമൂന്നുകാരനായ മണിയന്റെ കുടിവെള്ള ടാങ്കിലാണ് വീട്ടിൽ ആളില്ലാതിരുന്ന ദിവസം മാരക കീടനാശിനി കലക്കിയത്.
വീട്ടുമുറ്റത്ത് സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്കിൽനിന്നു വെള്ളം കോരിയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ടാങ്ക് തുറന്നപ്പോൾ കീടനാശിനിയുടെ രൂക്ഷഗന്ധം വന്നതാണ് വയോധികരായ മണിയനും ജാനമ്മയ്ക്കും രക്ഷയായത്. നിലത്തു വച്ചിരിക്കുന്ന നാലു ടാങ്കുകളിൽ പൈപ്പുവെള്ളം ശേഖരിച്ചാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇതിൽ കുടിക്കാനും പാചകത്തിനുമായി വെള്ളമെടുത്തിരുന്ന ടാങ്കിൽ മാത്രമാണ് കീടനാശിനി കലർത്തിയിരുന്നത്. ടാപ്പ് വഴിയാണ് വെള്ളം എടുത്തിരുന്നതെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നെന്നു മണിയൻ പറഞ്ഞു.
അഞ്ചുദിവസം മുമ്പ് കോട്ടയം കൊല്ലാട്ടുള്ള മകന്റെ വീട്ടിലെ ചടങ്ങിനായി ദന്പതികൾ പോയപ്പോഴാണ് ടാങ്കിൽ വിഷം കലർത്തിയതെന്നു കരുതുന്നു. ഞായറാഴ്ച ഇവർ മടങ്ങിയെത്തിയ ശേഷം പാചകത്തിനായി വെള്ളമെടുത്തപ്പോഴാണ് രൂക്ഷഗന്ധം അനുഭവപ്പെട്ടത്. വെള്ളത്തിനു നിറവ്യത്യാസംകൂടി കണ്ടതോടെയാണ് സംശയം ശക്തമായത്. മാരക കീടനാശിനിയാണ് കുടിവെള്ളത്തിൽ കലക്കിയിരുന്നതെന്ന് കർഷകൻ കൂടിയായ മണിയൻ പറയുന്നു.
പരാതിയെത്തുടർന്ന് അന്നുതന്നെ പോലീസെത്തി പരിശോധനയ്ക്കായി ടാങ്കിലെ വെള്ളം എടുത്തെങ്കിലും സംഭവം വാർത്തയായാൽ പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നു പറഞ്ഞ് വിലക്കിയാണ് മടങ്ങിയത്. മണിയനും ഭാര്യയും മടങ്ങിയെത്തിയ ദിവസം ഇവരെത്തുന്നതിന് മുമ്പ് ഉച്ചയോടടുത്തു രണ്ടുപേർ ബൈക്കിൽ വീട്ടിലെത്തി മടങ്ങിപ്പോയതായി സമീപവാസി പറഞ്ഞതായി മണിയൻ പറയുന്നു.
മുൻവൈരാഗ്യമാകാം സംഭവത്തിനു കാരണമെന്നാണ് പോലീസ് നിഗമനം. സംഭവം ഉണ്ടായതിനോടടുത്ത ദിവസങ്ങളിൽ പ്രദേശത്തെ പാടശേഖരങ്ങളിൽ കീടനാശിനി പ്രയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ടാങ്കിലെ വെള്ളത്തിന്റെ പരിശോധനാഫലംകൂടി കിട്ടുന്നതോടെ പ്രതിയെ കണ്ടെത്താനാവുമെന്ന് പോലീസ് പറയുന്നു.