കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമയ്ക്ക് നല്കി ഓട്ടോറിക്ഷാ ഡ്രൈവര്‍
1589501
Friday, September 5, 2025 6:56 AM IST
പെരുവ: വഴിയില്‍ കിടന്നു കിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥയ്ക്ക് തിരികെ നല്കി ഓട്ടോറിക്ഷാ ഡ്രൈവര്‍. പെരുവ കിഴക്കേ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ മണ്ണൂക്കുന്ന് ഓമറ്റത്തില് എം.കെ. മനോഹരനാണ് 55,000 രൂപയും മൊബൈല്‍ ഫോണും രേഖകളുമടങ്ങിയ ബാഗ് വഴിയില്‍ കിടന്ന് ലഭിച്ചത്.
15 വര്‍ഷമായി പെരുവ സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് മനോഹരന്. ബുധനാഴ്ച രാത്രി 7.30 ഓടെ വെള്ളൂര്‍ക്ക് ഓട്ടം പോയി പെരുവയിലേക്ക് മടങ്ങിവരുമ്പോഴാണ് വെള്ളൂര്‍ ഇഎസ്ഐ ആശുപത്രിക്കു സമീപം റോഡരികില്‍ കിടന്ന ബാഗ് ശ്രദ്ധയില്‍പ്പെട്ടത്.
മനോഹരന് ബാഗുമായി വെള്ളൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. മൊബൈല്‍ തുറക്കാന്‍ പാസ്വേര്ഡ് അറിയില്ലാത്തതിനാല്‍ ആളെ കണ്ടെത്താന്‍ ബുദ്ധിമുട്ടായി. ഫോണിലേക്കു വന്ന കോള്‍ പോലീസ് അറ്റന്‍ഡ് ചെയ്ത് ആളെ മനസിലാക്കി.
വെള്ളൂര്‍ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റ് അവര്‍മ വാഴക്കാലക്കുഴിയില് ഷിജി ഷാജിയുടേതായിരുന്നു ബാഗ്. ഷിജിയുടെ ശമ്പളവും ബോണസുമായി കിട്ടിയ 23,000 രൂപയും സിഡിഎസ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള പ്രത്യേക പാക്കറ്റുകളിലാക്കിയ ഓണറേറിയവും ഉള്‍പ്പെടെയുള്ള തുകയാണ് ബാഗിലുണ്ടായിരുന്നത്.
വെള്ളൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ഷിജിക്ക് എസ്ഐ സി.എന്‍. ഹര്‍ഷകുമാറിന്റെ സാന്നിധ്യത്തില്‍ ബാഗ് കൈമാറി.