ആയിരങ്ങള്‍ക്ക് വിശ്വാസപുണ്യം പകര്‍ന്ന് ഭക്തിസാന്ദ്രമായി മണര്‍കാട് റാസ
1589550
Saturday, September 6, 2025 11:59 PM IST
കോട്ടയം: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ മാതാവിന്റെ പിറവിക്കൊരുക്കമായുള്ള എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ നടന്ന ഭക്തിസാന്ദ്രമായ റാസയില്‍ അനേകായിരം വിശ്വാസികള്‍ പങ്കുചേര്‍ന്നു.
പരിശുദ്ധ കന്യകാമറിയം ഉണ്ണിയേശുവിനെ വഹിക്കുന്ന ചിത്രം പതിച്ച കൊടിയുടെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഛായാചിത്രമുള്ള കൊടിയുടെയും പിന്നില്‍ വര്ണമാരി വിരിയിച്ച ആയിരമായിരം മുത്തുക്കുടകളും വെണ്‍പ്രഭ ചൊരിയുന്ന വെള്ളി, സ്വര്‍ണക്കുരിശുകളും വാദ്യമേളങ്ങളും അകടമ്പടിയായി പ്രാര്‍ഥനാ ഗീതങ്ങളും ഒന്നുചേര്‍ന്ന റാസ മണര്‍കാടിനെ ഭക്തിസാന്ദ്രമാക്കി.
ആഘോഷവും ആത്മീയതയും സംഗമിച്ച മൂന്നര കിലോമീറ്റര്‍ പ്രദക്ഷിണത്തില്‍ നാനാജാതി മതസ്ഥരായ മരിയഭക്തര്‍ പങ്കുചേര്‍ന്നു.
എട്ടു നോമ്പിന്റെ ആറാംനാള്‍ മണര്‍കാട് കത്തീഡ്രലിലെ മധ്യാഹ്നപ്രാര്‍ഥനയ്ക്കുശേഷം പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തിലാണ് മാതാവിനോട് അപേക്ഷകളും സ്തുതിപ്പുകളും കീര്‍ത്തനങ്ങളുമായി വിശ്വാസികള്‍ അണിനിരന്നത്. പതിനായിരങ്ങള്‍ സംഗമിച്ച ഈ വിശ്വാസ പ്രഘോഷണ യാത്ര ഏഷ്യയിലെതന്നെ ഏറ്റവും വലിയ പ്രദക്ഷിണമാണ്.
ഇന്നലെ രണ്ടിനു വലിയപള്ളിയില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയ്ക്കുശേഷം കല്‍ക്കുരിശ്, കണിയാംകുന്ന് കുരിശിന്‍തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാര്ഥനയ്ക്കുശേഷമാണ് റാസ മണര്‍കാട് കവലയിലെത്തിയത്. കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല, കരോട്ടെപള്ളി ചുറ്റി വൈകുന്നേരം അഞ്ചിനു റാസ തിരികെ പള്ളിയില്‍ തിരികെയെത്തി. നിലവിളക്കുകളും കുരുത്തോല അലങ്കാരങ്ങളും മുത്തുക്കുടകളും കൊടിതോരണങ്ങളുമായി മണര്‍കാട് ഗ്രാമം നോമ്പിന്റെ ചൈതന്യത്തില്‍ റാസയെ വരവേറ്റു.
മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദര്‍ശനത്തിന് തുറക്കുന്ന പ്രസിദ്ധമായ നടതുറക്കല്‍ ഇന്നു രാവിലെ 11.30നാണ്. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തിലാണു നടതുറക്കല്‍ ശുശ്രൂഷ. മാതാവിന്റെ പിറവിത്തിരുനാള്‍ ചടങ്ങുകള്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെപ്പള്ളി ചുറ്റിയുള്ള പ്രദക്ഷിണത്തിനു ശേഷം നേര്‍ച്ചവിളമ്പോടെ സമാപിക്കും. 14നു സ്ലീവാ പെരുന്നാളില്‍ വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്കാരത്തെ തുടര്‍ന്നാണു നട അടയ്ക്കല്‍.