നീലംപേരൂരിൽ പടയണിദിനങ്ങൾ
1589497
Friday, September 5, 2025 6:45 AM IST
പൂരം പടയണി 21ന്
ചങ്ങനാശേരി: നീലംപേരൂര്‍ ഗ്രാമത്തിന് പൂരം പടയണി ഒരുക്കത്തിന്റെ താളമാര്‍ന്ന ദിനങ്ങള്‍. ഓണപ്പിറ്റേന്ന് അവിട്ടം നാളില്‍ രാത്രി 10ന് ചൂട്ടു വെളിച്ചത്തില്‍ പടയണി ഒരുക്കങ്ങള്‍ക്ക് തുടക്കമാകും. നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരം പടയണി നാളെ ആരംഭിച്ച് 21ന് സമാപിക്കും. ഒരു ദേശത്തിന്റെ ഐശ്വര്യത്തിനായി ഗ്രാമമൊന്നാകെ നടത്തുന്ന അനുഷ്ഠാനമാണിത്. ഇത്തവണ പൂരം പടയണിക്ക് രണ്ട് വല്യന്നങ്ങള്‍ എഴുന്നള്ളും.
ഒമ്പതേകാല് കോലുള്ള വല്യന്നവും ഏഴേകാല്‍ കോലിന്റെ മറ്റൊരു വല്യന്നവുമാണ് എഴുന്നള്ളിക്കുന്നത്. പൂര്‍ണമായും ആഞ്ഞിലിത്തടിയിലാണ് ചട്ടക്കൂട് നിര്‍മിക്കുന്നത്. 2010നുശേഷം ആദ്യമായാണ് രണ്ടു വല്യന്നങ്ങള്‍ പടയണിയില്‍ എത്തുന്നത്. അഞ്ചേകാല്‍ കോല് വലിപ്പമുള്ള ചെറിയ അമ്പത് അന്നങ്ങളും പടയണിയില്‍ അണിനിരക്കും. കൂടാതെ വിശ്വാസികള്‍ വഴിപാടായി സമര്‍പ്പിക്കുന്ന നിരവധി ചെറിയ അന്നങ്ങളും പടയണിയില്‍ ഉണ്ടാകും.
നാളെ രാത്രി 10ന് പടയണിക്ക് തുടക്കംകുറിച്ച് ചൂട്ടുവയ്ക്കും. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ ചൂട്ടു പടയണിയാണ് പടയണികളത്തില്‍ എത്തുന്നത്. 10ന് രാത്രി 10ന് പൂമരം, 11ന് രാത്രി 10ന് തട്ടുകുട, 12ന് രാത്രി 10ന് പാറാവളയം, 13ന് രാത്രി 10ന് കുടനിര്‍ത്ത്. കുടം പൂജകളിയും തോത്താ കളിയും പൂക്കുടകളുടെ എഴുന്നള്ളത്തും നടക്കും.
14ന് രാത്രി 10ന് പ്ലാവിലക്കോലങ്ങള്ക്ക് തുടക്കമാവും. ആദ്യം താപസക്കോലം എത്തും. 15ന് രാത്രി 10ന് ഐരാവതം, 16ന് ഹനുമാന്, 17ന് പ്ലാവില നിര്‍ത്ത്. തുടര്‍ന്ന് കുടുംപൂജകളിയും തോത്താ കളിയും പ്ലാവില കോലങ്ങളുടെ എഴുന്നള്ളത്തിനൊപ്പം ഭീമസേനനും പടയണി കളത്തിലെത്തും. 18നു രാത്രി 10ന് പിണ്ടിയും കുരുത്തോലയും ആരംഭിക്കും. തുടർന്ന് കൊടിക്കൂറ എഴുന്നള്ളിക്കും. 19നു രാത്രി കാവല്‍ പിശാച് എത്തും.
വല്യന്നങ്ങളുടെ ചിറമ്പുകുത്ത് 20 മുതല്‍
20നു രാവിലെ വല്യന്നങ്ങളെ അണിയിച്ചൊരുക്കുന്നതിനായുള്ള ചിറമ്പുകുത്ത് രാവിലെ ഒമ്പതിന് ക്ഷേത്ര പരിസരത്ത് ആരംഭിക്കും. രാത്രി 11ന് കുടം പൂജകളി തോത്താകളി, വേലകളി, വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്. 21ന് രാവിലെ പടയണിക്കളത്തില്‍ വല്യന്നങ്ങളുടെ നിറപണികള്‍ ആരംഭിക്കും.
രാത്രി എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങാമുറിക്കല്‍, രാത്രി 10ന് കുടംപൂജകളി, 10.30ന് സര്‍വ പ്രായശ്ചിത്തം. ക്ഷേത്രം മേല്‍ശാന്തി ശങ്കരന് നമ്പൂതിരി കാര്‍മികത്വം വഹിക്കും. ക്ഷേത്രം പ്രസിഡന്റ് പി.കെ. മനോജ് കുമാര്‍ അനുഞ്ജ വാങ്ങും.
ഇതിനുശേഷം തോത്താകളി. രാത്രി 11ന് പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണവും വല്യന്നങ്ങളുടെ ചെറിയ അന്നങ്ങളുടെയും എഴുന്നള്ളത്തും. ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന ചെറിയ അന്നങ്ങള്‍, കോലങ്ങള്‍, പൊയ്യാന, സിഹം എന്നിവയുടെ എഴുന്നള്ളത്തും നടക്കും.