ദൈവമാതാവിന്റെ ജീവിതം ഉള്‍ക്കൊള്ളാന്‍ സാധിക്കണം: ഐസക് മാര്‍ ഒസ്താത്തിയോസ്
1589494
Friday, September 5, 2025 6:45 AM IST
മണര്‍കാട്: എട്ടുനോമ്പ് ആചരണത്തിലൂടെ പരിശുദ്ധ ദൈവമാതാവിന്റെ ജീവിത മഹത്വത്തെ ഉള്‍ക്കൊണ്ടു ജീവിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് മൈലാപ്പൂര്, ബാംഗ്ലൂര്‍, യുകെ ഭദ്രാസനാധിപന്‍ ഐസക് മാര്‍ ഒസ്താത്തിയോസ്. കന്യകമറിയത്തെ ദൈവം കൂടുതല്‍ സ്നേഹിക്കാന്‍ കാരണം അവളുടെ വിശുദ്ധിയാണ്.
അതുകൊണ്ട് പെരുന്നാളിന്റെ ദിവസങ്ങളില്‍ ജീവിതത്തില്‍ വിശുദ്ധിയുടെ അനുഭവത്തിലൂടെ കടന്നുപോകാന്‍ സാധ്യമാകണം. അനുസരണം നഷ്ടപ്പെടുന്ന ഈ കാലത്ത് മാതാവിനെപോലെ ദൈവത്തെ അനുസരിച്ച് പ്രാര്‍ഥനയോടെ ജീവിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ നാലാം ദിനം കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്കു ശേഷം വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടില്‍ ധ്യാനപ്രസംഗം നടത്തി.
മണര്‍കാട് പള്ളിയിൽ ഇന്ന്
കരോട്ടെ പള്ളിയില്‍ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. കത്തീഡ്രലില്‍ രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥന. 8.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാന: പൗരസ്ത്യ സുവിശേഷം സമാജം മെത്രാപ്പോലീത്ത മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസിന്റെ മുഖ്യകാര്‍മികത്വത്തില്‍. രാവിലെ 11ന് പ്രസംഗം: മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്.
ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാര്‍ഥന. ഉച്ചകഴിഞ്ഞ് 2.30ന് പ്രസംഗം: കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പാ മണലേല്‍ച്ചിറ. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥന. ആറിന് ധ്യാനശുശ്രൂഷ: എംഎസ്ഒടി സെമിനാരി ഗോസ്പല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍. ഏഴിന് ധ്യാനപ്രസംഗം - ഡോ. കുറിയാക്കോസ് മാര്‍ തെയോഫിലോസ്.
മണര്‍കാട് പള്ളിയിൽ നാളെ
കരോട്ടെ പള്ളിയില്‍ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന. കത്തീഡ്രലില്‍ രാവിലെ 7.30ന് പ്രഭാത പ്രാര്‍ഥന. 8.30ന് വിശുദ്ധ അഞ്ചിന്മേല് കുര്‍ബാന: യൂറോപ്പ് ഭദ്രാസനാധിപനും എംഎസ്ഒടി സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തയുമായ കുറിയാക്കോസ് മാര്‍ തെയോഫിലോസിന്റെ മുഖ്യകാര്‍മികത്വത്തില്‍.
11.30ന് മധ്യാഹ്ന പ്രാര്‍ഥന. 12ന് റാസയ്ക്കുള്ള മുത്തുക്കുട വിതരണം. ഉച്ചകഴിഞ്ഞ് രണ്ടിന് കുരിശുപള്ളികളിലേക്കുള്ള ഭക്തിനിര്‍ഭരവും വര്‍ണാഭവുമായ റാസ. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥന.