കവണാറ്റിൻകര ടൂറിസം ജലമേള : ശ്രീനാരായണ ട്രോഫി പി.ജി. കർണന്
1589761
Sunday, September 7, 2025 7:01 AM IST
കവണാറ്റിൻകര: കവണാറിൽ ഇന്നലെ നടന്ന 37-മത് ടൂറിസം ജലമേളയിൽ പി.ജി. കർണൻ ശ്രീനാരായണ എവർ റോളിംഗ് ട്രോഫി നേടി. മഴമാറി ഇളം വെയിലുള്ള അന്തരീക്ഷത്തിൽ അരങ്ങേറിയ മത്സരങ്ങൾ കാണാൻ നൂറു കണക്കിന് വള്ളംകളി ആരാധകൾ കവണാറിന്റെ ഇരുകരകളിലും എത്തിയിരുന്നെങ്കിലും ആവേശകരമായ മത്സരങ്ങൾ കാഴ്ചവയ്ക്കാൻ കളിവള്ളങ്ങൾക്കായില്ല.
പലവിധ ആരോപണങ്ങൾ ഉന്നയിച്ച് ഫൈനലിൽ ചില ഒന്നാംതരം വള്ളങ്ങൾ മത്സരിക്കാതിരുന്നത് കാണികളെ നിരാശരാക്കി. ഒന്നാം തരം ഇരുട്ടുകുത്തി വിഭാഗത്തിലെ ജേതാവിനാണ് ശ്രീനാരായണ ട്രോഫി. അർജുൻ സാരഥി ക്യാപ്റ്റനായ കുമരകം യുവശക്തി ബോട്ട് ക്ലാബ്ബാണ് പി.ജി. കർണ്ണനിൽ തുഴഞ്ഞത്.
രണ്ടാം തരം ഇരുട്ടുകുത്തി വിഭാഗം ഫൈനലിൽ എബിസി ആറുപറയുടെ ശ്രീഗുരുവായൂരപ്പനെ പരാജയപ്പെടുത്തി കുമരകം പിബിസിയുടെ ശ്രീ മുത്തപ്പൻ ഫൈനലിൽ വിജയിച്ചു. ഇരുട്ടുകുത്തി സി ഗ്രേഡിൽ പുലിക്കുട്ടിശേരി ബോട്ട് ക്ലബ്ബിന്റെ കാശി പരിപ്പിൽ നിന്നെത്തിയ ചീറ്റയെ പരാജയപ്പെടുത്തി.
ഒന്നാം തരം ചുരുളൻ വിഭാഗത്തിൽ വേലങ്ങാടനും കോടിമതയും മൂഴിയും ഹീറ്റ്സ് മത്സരങ്ങളിൽ പങ്കെടുത്തെങ്കിലും കോടിമതയുമായി ഫൈനൽ തുഴയേണ്ട ആലപ്പുഴ ബിബിസി കുമരംകരിയുടെ വേലങ്ങാടൻ വള്ളം മത്സരിച്ചില്ല. ഒരാൾ തുഴഞ്ഞ കൊച്ചു വള്ളങ്ങളുടെ മത്സരത്തിൽ സലി പുതിയാട്ടിൽ തുഴഞ്ഞ കിരൺ വിജയിച്ചു.
രണ്ടിന് വിരിപ്പുകാല ശ്രീ ശക്തീശ്വരം ക്ഷേത്രക്കടവിൽ നിന്നാരംഭിച്ച ജലഘോഷയാത്ര മത്സരവേദിയിലെത്തിയതോടെ നടന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.കെ. പൊന്നപ്പൻ അധ്യക്ഷത വഹിച്ചു. ബാബു ഉഷസ്, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, മനോജ് കരീമഠം തുടങ്ങിയവർ പ്രസംഗിച്ചു. ബിഇഎംഎൽ മിനിസ്ട്രി ഓഫ് ഡിഫൻസ് ഡയറക്ടർ ഡോ. എം.ബി. നടേശനെ യോഗത്തിൽ മന്ത്രി ആദരിച്ചു.
ക്ലബ് വൈസ് പ്രസിഡന്റ് അശോകൻ കരീമഠത്തിന്റെ അധ്യക്ഷതയിൽ മത്സരാനന്തരം നടത്തിയ യോഗത്തിൽ കുമരകം എസ്എച്ച്ഒ കെ. ഷിജി സമ്മാനദാനം നിർവഹിച്ചു. പി.വി. സാന്റപ്പൻ, എ.എസ്. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.