തെക്കുംകൂര്‍ രാജകുടുംബത്തിൽ ഓണസദ്യയുണ്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
1589547
Saturday, September 6, 2025 11:59 PM IST
കോട്ടയം: ഓണാഘോഷത്തിന്റെ ഭാഗമായി കോട്ടയം നട്ടാശേരിയിലുള്ള തെക്കുംകൂര്‍ രാജകുടുംബത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം ഓണസദ്യ കഴിക്കുകയും ചെയ്തു.
തെക്കുംകൂര്‍ രാജകുടുംബത്തിലെ രാജസ്ഥാനീയനായ പ്രഫ. തെക്കുംകൂര്‍ സോമവര്മരാജയുടെ നേതൃത്വത്തില്‍ കര്‍ദിനാളിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സോമവര്മരാജയെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പൊന്നാടയും തലപ്പാവും അണിയിച്ചു. ഓണക്കാഴ്ചയായി ഏത്തക്കുലയും വട്ടി നിറയെ പച്ചക്കറികളും കര്‍ദിനാള്‍ സമ്മാനിച്ചു.
സോമരാജവര്മയും കര്‍ദിനാളിനു ഓണസമ്മാനങ്ങൾ നല്കി. നാട്ടില്‍ മതസൗഹാര്‍ദം വളര്‍ത്തുന്നതില്‍ തെക്കുംകൂര്‍ രാജാക്കന്മാര് കാട്ടിയ പ്രത്യേക താത്പര്യത്തെയും പുരാതന ക്രൈസ്തവ ദേവാലയങ്ങള്‍ക്കു തെക്കുംകൂര്‍ രാജാക്കന്മാര് നല്കിയ സംഭാവനകളെയും മാര്‍ ആലഞ്ചേരി അനുസ്മരിച്ചു.
മധ്യകാല കേരളത്തില്‍ 650 വര്‍ഷത്തോളം ഭരണം നടത്തിയ പ്രബല നാട്ടുരാജ്യമായിരുന്നു തെക്കുംകൂര്‍. ഇപ്പോഴത്തെ തിരുവല്ല, ചങ്ങനാശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളുടെ ഏറെ ഭാഗങ്ങളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ചേര്‍ന്നതായിരുന്നു തെക്കുംകൂര്‍ രാജ്യം.