മരിയൻ പ്രത്യക്ഷീകരണങ്ങളുടെ ദൃശ്യവിരുന്ന് തയാർ
1589535
Saturday, September 6, 2025 11:59 PM IST
കുറവിലങ്ങാട്: കേട്ടറിഞ്ഞ മരിയൻ പ്രത്യക്ഷീകരണങ്ങളെ കൺനിറയെ കാണാൻ ഇന്ന് അവസരം. എസ്എംവൈഎം കുറവിലങ്ങാട് യൂണിറ്റാണ് വേറിട്ട കാഴ്ചകളുടെ അനുഭവം നൽകുന്നത്. ഇന്ന് രാത്രി ഏഴിനാണ് കുറവിലങ്ങാട് പ്രത്യക്ഷീകരണങ്ങളുടെ കാഴ്ചാനുഭവം. സംഗീതദൃശ്യാവിഷ്കാരമാണെന്നത് കണ്ണിനൊപ്പം കാതിനും കൂടുതൽ ഇമ്പമേകും.
ലോകചരിത്രത്തിൽ ആദ്യത്തേതും ആവർത്തിച്ചുള്ളതുമായ പ്രത്യക്ഷീകരണങ്ങളാൽ സമ്പന്നമാണ് കുറവിലങ്ങാട്. കുട്ടികൾക്ക് കല്ല് അപ്പമാക്കി നൽകിയത്, കൈവിരൽകൊണ്ട് തെളിനീർ തെളിച്ചുനൽകിയത്, കൽക്കുരിശ് ഉയർത്തിനാട്ടിയത്, രോഗശയ്യയിലായിരുന്നയാളെ സുഖപ്പെടുത്തിയത്, കാട്ടിൽ അകപ്പെട്ട വൈദികന് വഴികാട്ടിയായത്, ദേവാലയ അഭിവൃദ്ധിക്ക് നിർദേശം നൽകി പലകുറി നടത്തിയ ഇടപെടലുകൾ എന്നിങ്ങനെ വ്യത്യസ്ത കാലങ്ങളിൽ കുറവിലങ്ങാട് മാതാവിന്റെ പ്രത്യക്ഷീകരണങ്ങൾ നടന്നിട്ടുള്ളതായാണ് വിശ്വാസം.
ഇവയിൽ ചില പ്രത്യക്ഷീകരണങ്ങൾ സംബന്ധിച്ച് ജൊർനാദയെന്ന യാത്രാവിവരണ ഗ്രന്ഥങ്ങളിലടക്കം പരാമർശവുമുണ്ട്. ഈ ചരിത്രരേഖകൾ പഠിച്ചും പരിശോധിച്ചുമാണ് എസ്എംവൈഎം നേതൃത്വം സംഗീതദൃശ്യാവിഷ്കാരമൊരുക്കുന്നത്.