ജെയ്നമ്മ കൊലക്കേസ്: പ്രതി സെബാസ്റ്റ്യനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി
1589548
Saturday, September 6, 2025 11:59 PM IST
കോട്ടയം: അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്നമ്മ (55)യുടെ കൊലപാതക കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ചേര്‍ത്തല പള്ളിപ്പുറം ചൊങ്ങുതറ സെബാസ്റ്റ്യ(67)നെ കോട്ടയം ജില്ലാ ജയിലില്‍നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
സെബാസ്റ്റ്യന്‍ പ്രമേഹം ഉള്‍പ്പെടെ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാലും ചേര്‍ത്തലയില്‍ ഇയാളുടെ വീട്ടുവളപ്പില്‍നിന്ന് കണ്ടെടുത്ത സ്ത്രീയുടെ ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഫലം വൈകുന്നതിനാലുമാണ് വിയ്യൂരിലേക്ക് മാറ്റിയത്.
കോട്ടയം ജില്ലാ ജയിലില്‍ ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ഡോക്ടറുടെ സേവനമുള്ളത്. വിയ്യൂരില്‍ സ്ഥിരം ഡോക്ടറും ജയിലില്‍ ചികിത്സാ സൗകര്യവുമുണ്ട്. ജെയ്നമ്മ കൊലക്കേസില്‍ നിര്‍ണായകമായ ഡിഎന്‍എ ഫലം വരുമ്പോള്‍ സെബാസ്റ്റിയനെ വിയ്യൂര്‍ ജയിലില്‍നിന്ന് ക്രൈം ബ്രാഞ്ച് കോട്ടയത്തേക്ക് കൊണ്ടുവരും.
കഴിഞ്ഞ ഡിസംബര്‍ 23നാണ് ജെയ്നമ്മയെ കാണാതായത്. സെബാസ്റ്റ്യനുമായി മുന്‍പരിചയമുണ്ടായിരുന്ന ജെയ്നമ്മ ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ വീട്ടിലെത്തുകയോ വിളിച്ചുവരുത്തുകയോ ചെയ്തുവെന്നും അന്നു വൈകുന്നേരത്തോടെ കൊലപ്പെടുത്തിയെന്നുമാണ് സാഹചര്യത്തെളിവുകള്‍.
ജെയ്നമ്മയെ കഴുത്തു ഞെരിച്ച് കൊലചെയ്ത് ശരീരം കഷ്ണങ്ങളാക്കി കത്തിച്ചതായാണ് സൂചനകള്‍. ഒന്നിലേറെ തവണ പലപ്പോഴായി അസ്ഥിഭാഗങ്ങള്‍ ചാമ്പലാക്കിയ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന വൈകുന്നതെന്ന് പോലീസ് പറഞ്ഞു. ജെയ്നമ്മയ്ക്കു സമാനമായി സെബാസ്റ്റ്യനുമായി അടുപ്പവും സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്ന ചേര്‍ത്തല സ്വദേശികളായ ബിന്ദു, ഐഷ, സിന്ധു എന്നിവരുടെ തിരോധാനത്തിലും കാലങ്ങളായി ദുരൂഹത തുടരുകയാണ്.