നൂറുമേനി വചനപഠനം ആത്മീയതയുടെ ആഘോഷം: മാര്‍ തോമസ് തറയില്‍
1589779
Sunday, September 7, 2025 7:14 AM IST
തീംസോംഗ് പ്രകാശനം ചെയ്തു
ചങ്ങനാശേരി: നൂറുമേനി വചനപഠനം ആത്മീയതയുടെ ആഘോഷമാണെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ്, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 12,13 തീയതികളില്‍ എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ നടക്കുന്ന നൂറു മേനി മഹാസംഗമം തീം സോംഗിന്റെ സിഡി വികാരിജനറാള്‍ മോണ്‍. ആന്റണി ഏത്തയ്ക്കാട്ടിനു നല്കി നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
തീം സോംഗിന്റെ രചനയും സംഗീതവും നിര്‍വഹിച്ച സിനിമ നിര്‍മാതാവ് കൂടിയായ ലിസി ഫെര്‍ണാണ്ടസ് മുഖ്യാതിഥിയായിരുന്നു. ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ബൈബിള്‍ അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ ആമുഖപ്രഭാഷണം നടത്തി. ഡോ. റൂബിള്‍ രാജ്, ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍, ഡോ. ജോബിന് എസ്. കൊട്ടാരം, പ്രഫ. ജോസഫ് ടിറ്റോ, സിസ്റ്റര്‍ ചെറുപുഷ്പം, ടോമി കൈതക്കളം, മറിയം ജോര്‍ജ്, ജിനി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ഘട്ടങ്ങളിലായി ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത നൂറുമേനി സീസണ് നാലില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പേരാണ് മഹാസംഗമത്തിലും സമ്മാനദാനച്ചടങ്ങിലും പങ്കെടുക്കുന്നത്. സണ്ണി ഇടിമണ്ണിക്കലാണ് പരിപാടിയുടെ ചെയര്മാന്.
തീം സോംഗ് ഓണ്‍ലൈന്‍ മത്സരം
നൂറുമേനി തീം സോംഗ് ഓണ്‍ലൈന്‍ മത്സരവും ഇതോടാനുബന്ധിച്ചു സംഘടിപ്പിക്കും. 12ന് വൈകുന്നേരം നാലുവരെ നൂറുമേനി ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യുന്നതില്‍നിന്ന് ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന 10 പേര്‍ക്ക് പ്രത്യേക സമ്മാനം ലഭിക്കും.
തീം വീഡിയോ പഠിച്ച് ഏതെങ്കിലും ഭാഗം കുടുംബമായാണ് പാടേണ്ടത്. ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8590349400 എന്ന നമ്പറില്‍ ബന്ധപ്പെടാം.