കളിമണ്ണിൽ ഓണത്തപ്പനെ മെനഞ്ഞ് ഓമനക്കുട്ടൻ
1589498
Friday, September 5, 2025 6:45 AM IST
വൈക്കം: ഓണാഘോഷത്തിന്റെ രൂപവും ഭാവവും മാറിയിട്ടും ഓണപ്പൂക്കളത്തിനു ഗരിമ പകരാൻ പാരമ്പര്യത്തിന്റെ തനിമ പിന്തുടരുന്നവർക്കായി കളിമണ്ണിൽ ഓണത്തപ്പനെ മെനഞ്ഞ് തോട്ടകം ചിറയ്ക്കൽതാഴെ ഓമനക്കുട്ടൻ.
പരമ്പരാഗതമായി മൺപാത്ര നിർമാണത്തിലേർപ്പെട്ടിരുന്ന മാതാപിതാക്കൾ മരണ മടഞ്ഞതോടെ ഓമനക്കുട്ടൻ ഓണത്തപ്പനും മൺചെരാതുകളും ഉണ്ടാക്കുകയായിരുന്നു. രണ്ടു മാസം മുന്പുതന്നെ കളിമണ്ണിൽ ഓണത്തപ്പനെയും തൃക്കാക്കരപ്പനെയും മെനഞ്ഞ് വില്പനയ്ക്ക് തയാറാക്കി.
30, 40, 50 രൂപ നിരക്കിലാണ് ഓണത്തപ്പനെ ഓമനക്കുട്ടൻ വിൽക്കുന്നത്. ഭാര്യ സതിക്കു പുറമേ കുടുംബത്തിലെ ഇളംമുറക്കാരനായ അക്ഷയും ഇക്കുറി ഓണത്തപ്പനെ ഉണ്ടാക്കുന്നതിന് സഹായിയായി വന്നതോടെ പാരമ്പര്യം കാക്കാൻ കുടുംബത്തിലൊരാൾ മുന്നോട്ടുവന്നതിന്റെ സന്തോഷത്തിലാണ് ഓമനക്കുട്ടൻ. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ പതിവായി ഓണത്തപ്പൻ വില്പന നടത്തുന്നിടത്തുതന്നെ ഇക്കുറിയും ഓമനക്കുട്ടനുണ്ട്.