തദ്ദേശ തെരഞ്ഞെടുപ്പ്: വിജ്ഞാപനം ഒക്ടോബറില്‍
1589549
Saturday, September 6, 2025 11:59 PM IST
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ ആദ്യവാരമുണ്ടായേക്കും. നവംബര്‍ അവസാനവാരമോ ഡിസംബര്‍ ആദ്യമോ തെരഞ്ഞെടുപ്പ് നടക്കും. മൂന്നു മുന്നണികളും ഒരുമിച്ച് യോഗം ചേര്‍ന്നിട്ടില്ലെങ്കിലും ജില്ലയില്‍ വേരോട്ടമുള്ള എല്ലാ പാര്‍ട്ടികളും തനിച്ച് കണ്‍വന്‍ഷനുകളും കമ്മിറ്റികളും തുടങ്ങിയിട്ടുണ്ട്. ശക്തീകരണത്തിന്റെ ഭാഗമായി വാര്‍ഡുകളില്‍ ഭവനസന്ദര്‍ശനത്തിനാണ് പാര്‍ട്ടികളുടെയും മുന്നണികളുടെയും നീക്കം.
ചെറുപ്പക്കാരെ അണിനിരത്താൻ എൽഡിഎഫ്; ജനകീയ വിഷയങ്ങളുയർത്തി യുഡിഎഫ്
സ്ഥാനാര്‍ഥികളാകാന്‍ താത്പര്യമുള്ളവരും പാര്‍ട്ടി കണ്ടെത്തിയവരും സജീവമായി മുന്നോട്ടിറങ്ങിത്തുടങ്ങി. തുടര്‍ച്ചയായി മത്സരിക്കുന്നവരെ ഒഴിവാക്കി ചെറുപ്പക്കാരെ അണിനിരത്താനുള്ള തീരുമാനത്തിലാണ് സിപിഎമ്മും സിപിഐയും. ഭരണവിരുദ്ധ വികാരം, റബര്‍-നെല്‍കര്‍ഷക പ്രശ്നങ്ങള്‍, വന്യമൃഗഭീഷണി തുടങ്ങിയ വിഷയങ്ങള്‍ അനുകൂല ഘടകമാക്കാനാണ് യുഡിഎഫ് നീക്കം.
ക്രൈസ്തവ പീഡനം ബിജെപിക്കു തിരിച്ചടിയാവുമോ?
ഓരോ വാര്‍ഡിലെയും സാമുദായിക കണക്കെടുപ്പിലൂടെ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തുകയാണ് ബിജെപിയും ബിഡിജെഎസും. ക്രൈസ്തവമുന്തൂക്ക പ്രദേശങ്ങളില്‍ ക്രൈസ്തവ സ്ഥാനാര്‍ഥികളെ നിറുത്തി ജില്ലയില്‍ പത്ത് ഗ്രാമപഞ്ചായത്തുകളില്‍ ഭരണം പിടിക്കാനായിരുന്നു ബിജെപി നീക്കം.
എന്നാല്‍ ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നേരിട്ട അക്രമങ്ങളും അറസ്റ്റും ബിജെപിയുടെ കണക്കുകൂട്ടലുകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ എംപിമാര്‍ മുന്നോട്ടിറങ്ങിയത് നേട്ടമാകുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു.
എസ്എന്‍ഡിപി ശാഖായോഗങ്ങള്‍ സജീവമാക്കി ഈഴവമുന്നോക്ക വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ ബിഡിജെഎസ് കണ്ടെത്തിക്കഴിഞ്ഞു. സിപിഎമ്മിന് ഈഴവ സമുദായത്തിലുണ്ടായിരുന്ന ആധിപത്യം നിഷ്ക്രിയമാക്കാന്‍ ശാഖകള്‍ക്ക് സാധിക്കുമെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനം ഉണ്ടായെന്നുമാണ് സമീപദിവസങ്ങളിലെ യോഗങ്ങളില്‍ വിലയിരുത്തപ്പെട്ടത്.
കുമരകം ഉള്‍പ്പെടെ വിവിധ പഞ്ചായത്തുകളില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് വന്‍തോതില്‍ സിപിഎം വോട്ടുകള്‍ ചോര്‍ന്നുവെന്ന് കണക്കുകള്‍ നിരത്തി റിപ്പോര്‍ട്ട് അവതരണവുമുണ്ടായി. ജില്ലാ പഞ്ചായത്തില്‍ ഉള്‍പ്പെടെ നിലവിലെ ഭരണസമിതിയുടെ നിഷ്ക്രിയത്വമായിരുന്നുവെന്നും പകുതിയോളം അംഗങ്ങളും പരാജയമായിരുന്നുവെന്നുമാണ് സിപിഎം ജില്ലാതല വിലയിരുത്തല്‍.
അതിനാല്‍ ഇമേജു കുറവുള് ഒരാളെയും വീണ്ടും മത്സരിപ്പിക്കരുതെന്ന് സിപിഎം ഘടകകക്ഷികള്‍ക്കും നിര്‍ദേശം നല്‍കും. മൂന്നു തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്നാണ് നിര്‍ദേശിക്കുന്നത്.