പ്രേഷിതപ്രവർത്തനം ഈശോയിലേക്ക് നയിക്കുന്നതാകണം: റവ.ഡോ. ജോസഫ് വെള്ളമറ്റം
1589542
Saturday, September 6, 2025 11:59 PM IST
ഉപ്പുതറ: പ്രേഷിതപ്രവർത്തനം ഈശോയിലേക്ക് നയിക്കുന്നതാകണമെന്ന് രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം. ഉപ്പുതറയിൽ നടത്തിയ കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിതപരിശീലനത്തിന്റെ ഭാഗമായി ഹൈറേഞ്ച് മേഖലാ മരിയൻ തീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പരിശുദ്ധ അമ്മ ജീവിതം കൊണ്ടും പ്രവൃത്തി കൊണ്ടും എല്ലാവരെയും ഈശോയിലേക്ക് ആനയിച്ചു.
എല്ലാ കാര്യങ്ങളിലും ദൈവഹിതം ദർശിച്ച പരിശുദ്ധ അമ്മയുടെ മാതൃക അനുകരണാർഹമാണെന്നും റവ.ഡോ. ജോസഫ് വെള്ളമറ്റം കൂട്ടിച്ചേർത്തു. ഹൈറേഞ്ച് മേഖലയിൽ വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി ഒരുക്കിയ തീർഥാടനം രാവിലെ 9.30ന് യൂദാതദേവൂസ് കപ്പേളയിൽനിന്ന് ഉപ്പുതറ ഫൊറോന വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ജപമാല പ്രാർഥനയോടുകൂടി മരിയൻ റാലി ഉപ്പുതറ സെന്റ് മേരീസ് പള്ളിയിലേക്ക് നടത്തി.
മരിയൻ തീർഥാടനത്തിന് രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രം ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, മിഷൻ ലീഗ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബോബി വേലിക്കകത്ത്, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.