ഒരു ചക്കയ്ക്ക് 3600 രൂപ! അതും രണ്ടുകിലോയ്ക്ക്
1589532
Saturday, September 6, 2025 11:59 PM IST
കുറവിലങ്ങാട്: ഒരു ചക്കയ്ക്ക് 3600 രൂപ. വെറും രണ്ടുകിലോയോളം തൂക്കം വരുന്ന ചക്കയ്ക്കാണ് ഈ ഡിമാൻഡ്. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടനകേന്ദ്രത്തിൽ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് നടത്തിയ കർഷകദിനത്തിൽ സമർപ്പിച്ച ചക്കയാണ് 3600 രൂപയ്ക്ക് ലേലത്തിൽ വാങ്ങിയത്.
കർഷകദിനാചരണത്തിന്റെ ഭാഗമായി പള്ളിയുടെ കൃഷിയിടത്തിൽനിന്ന് സമർപ്പിച്ച ചക്കയാണ് 3600 രൂപയ്ക്ക് ലേലംകൊണ്ടത്. ആർച്ചുപ്രീസ്റ്റും സഹവൈദികരും പള്ളിയുടെ കൃഷിയിടത്തിൽനിന്നുള്ള കാർഷികവിഭവങ്ങൾ സമർപ്പിച്ചിരുന്നു.
രാമപുരം സ്വദേശിയായ സാബു 2500 രൂപയ്ക്ക് ചക്ക വാങ്ങി വീണ്ടും പള്ളിയിൽ സമർപ്പിച്ചു. രണ്ടാമത് നടത്തിയ ലേലത്തിൽ ചങ്ങനാശേരി അതിരൂപതയിലെ കട്ടച്ചിറ സ്വദേശി 1100 രൂപയ്ക്ക് ലേലത്തിൽ ചക്ക വാങ്ങിയതോടെയാണ് ഒരു ചക്കയുടെ വില 3600 രൂപയിലെത്തിയത്. കർഷകദിനത്തിൽ കാർഷിക വിഭവങ്ങളായും പണമായും ലഭിച്ച മുഴുവൻ തുകയും ഇടവകയുടെ കാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി അറിയിച്ചു.