കുമരകം മത്സര വള്ളംകളി ഇന്ന്
1589762
Sunday, September 7, 2025 7:01 AM IST
കുമരകം: ശ്രീനാരായണ ഗുരു ഒരു നൂറ്റാണ്ടിനു മുമ്പ് കുമരകം സന്ദർശിച്ചതിന്റെ ഓർമ പുതുക്കുന്നതിനായി കുമരകം കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് വിവിധ മേഖലകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 122 -ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി ഇന്നു കോട്ടത്തോട്ടിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ക്ഷേത്രക്കടവിൽനിന്നു ജലഘോഷയാത്ര ആരംഭിക്കും. തുടർന്ന് 2.30ന് മന്ത്രി വി.എൻ.വാസവൻ വള്ളംകളി ഉദ്ഘാടനം ചെയ്യും.
തുരുത്തിത്തറ, പി. ജി. കർണ്ണൻ, മൂന്നുതൈയ്ക്കൻ, മൂഴി,കോടിമത,ശ്രീഗുരുവായൂരപ്പൻ, സെന്റ് ജോസഫ്, ശ്രീമുത്തപ്പൻ തുടങ്ങി 15ൽ പരം കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
ക്ലബ് പ്രസിഡന്റ് വി. പി. അശോകന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അച്ചായൻസ് ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടോണി വർക്കിച്ചൻ, ബാലനടി കാശ്മീര സുധീഷ് എന്നിവരെ ആദരിക്കും.
കെ. ഫ്രാൻസിസ് ജോർജ് എംപി, തീരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, കെ. സുരേഷ്കുറുപ്പ്, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, വി.എസ്. മനുലാൽ, ആർഷാ ബൈജു, കവിതാ ലാലു, മേഘലാ ജോസഫ്, എ. കെ. ജയപ്രകാശ്, ഫാ. അഭിലാഷ് ഏബ്രഹാം, ഫാ. സിറിയക് വലിയപറമ്പിൽ, വി.ബി. ബിനു, ജി. ഗോപകുമാർ, തുടങ്ങിയവർ പ്രസംഗിക്കും.