തിരുവോണനാളിൽ തീരാദുഃഖമായി മടുക്കംമൂട് അപകടം
1589778
Sunday, September 7, 2025 7:14 AM IST
ഷാജിയുടെ വേര്‍പാട് മക്കൊള്ളില്‍ കുടുംബത്തിനു തീരാവേദനയായി
ചങ്ങനാശേരി: മടുക്കംമൂട്ടില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവം തിരുവോണ നാളിനെ സങ്കടദിനമാക്കി. സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കൂത്രപ്പള്ളി തെങ്ങോലിപ്പടി മക്കൊള്ളില്‍ ഷാജി തോമസ് (58) ആണ് കാറിനടിയില്‍പ്പെട്ട് ദാരുണമായി മരണപ്പെട്ടത്. അപകടത്തില്‍പ്പെട്ട കാറിനടിയില്‍ കുടുങ്ങിയ ഷാജിയെ സ്കൂട്ടറുമായി നൂറുമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയാണ് കാര്‍ നിന്നത്.
കാറിനടിയില്‍ കുടുങ്ങിയ ഷാജിയുടെ ദേഹമാസകലം ഗുരുതരമായി പരിക്കേറ്റു രക്തം വാര്‍ന്നൊഴുകി. ഓടിക്കൂടിയവര്‍ ഷാജിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചങ്ങനാശേരി പോലീസും ഫയര്‍ഫോഴ്സും എത്തിയാണ് വാഹനങ്ങള്‍ നീക്കിയത്.
ഭാര്യ സോഫിയുടെ മാതാവ് ഏതാനും ദിവസംമുമ്പ് മരണപ്പെട്ടിരുന്നു. ഭാര്യ സോഫിയും മക്കളായ അല്‍ക്കയും അഖിലയും സോഫിയുടെ ഇത്തിത്താനത്തുള്ള വീട്ടിലായിരുന്നു. ഇവരെ കൂട്ടിക്കൊണ്ടുവന്ന് ഓണം ആഘോഷിക്കാനായി പോകുമ്പോഴാണ് ഷാജിയെ ദുരന്തം കവര്‍ന്നത്. ഷാജിയുടെ വേര്‍പാട് കുടുംബത്തിനു തീരാവേദനയായി. ഇന്നു രാവിലെ ഒമ്പതിന് മൃതദേഹം കൂത്രപ്പള്ളി തെങ്ങോലിയിലുള്ള മൃതദേഹം വീട്ടില്‍ എത്തിക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയില്‍.