മലയാളികൾക്കൊപ്പം ഓണം ആഘോഷിച്ച് രാജ്യാന്തര ഉത്തരവാദിത്വ ടൂറിസം സംഘം
1589773
Sunday, September 7, 2025 7:14 AM IST
കോട്ടയം: ഓണക്കളികള്‍ കളിച്ചും സദ്യയുണ്ടും ഓണാഘോഷത്തെ അടുത്തറിഞ്ഞ് വിദേശ പ്രതിനിധി സംഘം. ഓണത്തെ രാജ്യാന്തര ടൂറിസം മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരവാദിത്വ ടൂറിസം മിഷന് സംഘടിപ്പിച്ച കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിനായി എത്തിയവരാണ് കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഓണാഘോഷം നേരിട്ടറിഞ്ഞത്.
യുകെ, ഫ്രാന്‍സ്, വിയറ്റ്നാം, ഇന്തോനേഷ്യ, തായ്ലന്ഡ്, ശ്രീലങ്ക, നേപ്പാള്‍, ദക്ഷിണ കൊറിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നുള്ള റെസ്പോണ്സിബിള് ടൂറിസം ലീഡേഴ്സ്, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, അക്കാദമിഷന്സ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഉദയനാപുരം, മറവന്തുരുത്ത്, അയ്മനം, കുമരകം പഞ്ചായത്തുകള്‍ സംഘം സന്ദര്‍ശിച്ചു.