അമ്മയ്ക്കരുകിലേക്ക് കാളികാവിൽനിന്ന് അവരെത്തി, നാളെ 10 കിലോമീറ്റർ പദയാത്രയായി രത്നഗിരി ഇടവക
1589272
Thursday, September 4, 2025 11:40 PM IST
കുറവിലങ്ങാട്: നൂറുകണക്കായ ഇടവകാംഗങ്ങളെ അണിചേർത്ത് മുത്തിയമ്മയ്ക്കരുകിലെത്തി കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് ഇടവക. മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന പള്ളിയിലെ എട്ടുനോമ്പാചരണത്തോടനുബന്ധിച്ചാണ് കാളികാവ് ഇടവക മുത്തിയമ്മ തീർഥാടനം നടത്തിയത്. മുത്തുക്കുടകളും കൊടിതോരണങ്ങളുമായി ഇടവകയുടെ സംഘശക്തി വെളിവാക്കിയാണ് തീർഥാടകർ എത്തിയത്.
മുത്തിയമ്മയ്ക്കരുകിലെത്തിയ തീർഥാടകരെ ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാർ, കൈക്കാരന്മാർ, പള്ളിയോഗാംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. മുത്തിയമ്മയുടെ തിരുസ്വരൂപം ഉപഹാരമായി നൽകി. വികാരി ഫാ. ജോസഫ് പാണ്ടിയാമാക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
എട്ടുനോമ്പിന്റെ ആറാം ദിനത്തിൽ 10 കിലോമീറ്റർ കാൽനടയായി രത്നഗിരി ഇടവകാംഗങ്ങൾ മുത്തിയമ്മയ്ക്കരുകിലെത്തും. രത്നഗിരി സെന്റ് തോമസ് ഇടവകയിലെ നൂറുകണക്കായ ഇടവകാംഗങ്ങൾ രാവിലെ എട്ടിന് പദയാത്ര ആരംഭിക്കും. കുറവിലങ്ങാട് തീർഥാടന കേന്ദ്രത്തിലെത്തി അസി. വികാരി ഫാ. മാത്യു കണിയാംപടി വിശുദ്ധ കുർബാനയർപ്പിക്കും.
നാളെ രാവിലെ പകലോമറ്റം തറവാട് പള്ളിയിൽനിന്ന് എസ്എംവൈഎം പാലാ രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തും. രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റിയും രൂപതാ ഭാരവാഹികളും നേതൃത്വം നൽകും.
നാളെ മൂന്നിന് ജീസസ് യൂത്ത് പാലാ സോൺ, കുറവിലങ്ങാട് ഫാമിലി സ്ട്രീം എന്നിവയുടെ നേതൃത്വത്തിൽ പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചൻ സ്മാരക പാർക്കിൽനിന്ന് ജപമാലറാലി നടത്തും. 3.15ന് രൂപതാ ഡയറക്ടർ ഫാ. മാത്യു എണ്ണയ്ക്കാപ്പള്ളിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
ഇന്ന് 2.30ന് ഡിസിഎംഎസ് പാലാ രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തിയമ്മ തീർഥാടകരെത്തും.