ചാമ്പ്യൻസ് ബോട്ട് ലീഗ് അനിശ്ചിതത്വത്തിൽ
1589489
Friday, September 5, 2025 6:45 AM IST
പങ്കെടുക്കാൻ കഴിയുന്ന വള്ളങ്ങളുടെ കാര്യത്തിലും മത്സരങ്ങളുടെ എണ്ണത്തിലും അവ്യക്തത
കുമരകം: ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗ് എന്നു തുടങ്ങുമെന്നും ഏതൊക്കെ ചുണ്ടൻ വള്ളങ്ങൾക്കാണ് പങ്കെടുക്കാൻ കഴിയുകയെന്നതിലും എത്ര സിബിഎൽ മത്സരങ്ങളാണ് നടത്തുക എന്നതിലും അവ്യക്തത തുടരുന്നു. നെഹ്റു ട്രാേഫി ഉദ്ഘാടന സമ്മേളനത്തിൽ സിബിഎൽ ആലപ്പുഴയിൽനിന്നു തുടങ്ങുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
സെപ്റ്റംബർ മൂന്നാം ആഴ്ചയോടെ വടക്കൻ കേരളത്തിലെ ചെറുവള്ളങ്ങളുടെ മത്സരത്തോടെ സി ബിഎൽ ആരംഭിക്കാനും നീക്കം നടന്നിരുന്നു. മുൻവർഷങ്ങളിൽ നെഹ്റു ട്രോഫിയിൽ ആദ്യ ഒമ്പതു സ്ഥാനങ്ങളിൽ എത്തുന്ന ചുണ്ടനുകളായിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ എത്ര ചുണ്ടൻ വള്ളങ്ങളെ മത്സരിപ്പിക്കുമെന്ന അറിയിപ്പുണ്ടായിട്ടില്ല. നെഹ്റു ട്രോഫിയിൽ ഒന്നാം സ്ഥാനം മാത്രമാണു പ്രഖ്യാപിച്ചിട്ടുള്ളത്.
രണ്ടു മുതൽ നാലു വരെയുള്ള സ്ഥാനക്കാർ ആരൊക്കെയാണെന്നത് തർക്കം മൂലം പ്രഖ്യാപിച്ചിട്ടില്ല. ലൂസേഴ്സ് ഫൈനലിൽ യുബിസിയുടെ തലവടി ചുണ്ടൻ പങ്കെടുത്തിരുന്നുമില്ല. ഒരു ചുണ്ടനിൽ 25 ശതമാനത്തിലധികം അന്യസംസ്ഥാന തുഴച്ചിൽ താരങ്ങളുണ്ടായിരുന്നു എന്നതാണ് പ്രധാന ആരോപണം.നെഹ്റു ട്രോഫിയുടെ പൂർണ ഫലപ്രഖ്യാപനം എന്നുണ്ടാകുമെന്നതിൽപോലും വ്യക്തതയില്ല.
മൂന്നു മാസം വരെ നിയമപരമായി സാവകാശമുണ്ടെന്നാണ് വിശദീകരണം. പ്രശ്ന പരിഹാരം നീളുന്നതു സിബിഎലും വൈകിക്കുമെന്നാണ് ക്ലബ്ബുകൾ പറയുന്നത്. 11 മത്സരങ്ങളായിരുന്നു സിബിഎലിൽ ഉണ്ടായിരുന്നത്. എന്നാൽ, പ്രകൃതി ദുരന്തത്തെത്തുടർന്ന് കഴിഞ്ഞവർഷം ആറു മത്സരങ്ങളാണ് നടത്തിയത്. ഇക്കുറി എത്ര മത്സരങ്ങൾ ഉണ്ടാകുമെമെന്നോ ഏതു സ്ഥലങ്ങളിലായിരിക്കുമെന്നോ ഒരു നിശ്ചയവുമില്ല.
സിബിഎൽ യോഗ്യതയുള്ള ചുണ്ടൻ തുഴയുന്ന ക്ലബ്ബുകളുടെ ക്യാമ്പ് മാത്രമേ തുടരേണ്ടതുള്ളൂ. മത്സരങ്ങൾ ഇല്ലാത്ത വള്ളങ്ങൾ കരയിൽ കയറ്റുകയും ചെയ്യേണ്ടതുണ്ട്. സിബിഎലിന്റെ അവ്യക്തത ഉടൻ പരിഹരിക്കണമെന്നാണ് ക്ലബ്ബുകളുടെ ആവശ്യം.