കാർഷികസമൃദ്ധിയിൽ നിറഞ്ഞ് മരങ്ങാട്ടുപിള്ളി
1589772
Sunday, September 7, 2025 7:14 AM IST
കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളിയുടെ കാർഷിക മേഖലയ്ക്ക് കരുത്തേകാനായി ലക്ഷ്യമിടുന്ന കാർഷികോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് ഉഷ രാജു, അംഗങ്ങളായ സലിമോൾ ബെന്നി, സാബു അഗസ്റ്റിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ മുതൽ 11 വരെയാണ് മരങ്ങാട്ടുപിള്ളി കാർഷികോത്സവം.
വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പാരിഷ് ഹാളിൽ ആഘോഷങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് കൃഷി ഓഫീസർ മനു കൃഷ്ണൻ, റോബിൻ കല്ലോലിൽ എന്നിവർ പറഞ്ഞു.
വിളംബര റാലി, കർഷക അവാർഡ് വിതരണം, ജില്ലാതല കാർഷിക ക്വിസ്, കർഷക സെമിനാർ, വിള മത്സരവും പ്രദർശനവും, വിദ്യാർഥികൾക്കും കർഷകർക്കുമുള്ള ക്വിസ് മത്സരങ്ങൾ, കലാപരിപാടികൾ, വൈവിധ്യമാർന്ന പ്രദർശന വിപണനമേള, പുരാവസ്തു പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കും. ചേറ്റിലോട്ടം, ഞാറുനടീൽ, കുടവയർ എന്നിങ്ങനെ വേറിട്ട മത്സര ഇനങ്ങളും ഒരുക്കിയിട്ടുണ്ട്. മുതിർന്ന കർഷകസംഗമം,
കിടാരി, നാടൻ പശു മത്സരം, സാംസ്കാരിക ഘോഷയാത്ര, അടുക്കളത്തോട്ട മത്സരം, സൗജന്യ പച്ചക്കറി വിതരണം, വിവിധ കലാ-കായിക മത്സരങ്ങൾ, സൗഹൃദ വടംവലി എന്നിങ്ങനെയുള്ള മത്സരങ്ങൾക്കൊപ്പമുള്ള സമ്മേളനങ്ങളിൽ ജോസ് കെ. മാണി എംപി, ഫ്രാൻസിസ് ജോർജ് എംപി, മോൻസ് ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, ചലച്ചിത്രനടൻ അനൂപ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ പറഞ്ഞു.