വിഷ്ണുവിന് ഓണസമ്മാനം; വീട് നിർമിക്കാൻ ഭൂമി നൽകി ജന്റിൽമാൻ ചിറ്റ്സ്
1589777
Sunday, September 7, 2025 7:14 AM IST
വൈക്കം: രോഗബാധിതനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ നിർധന കുടുബാംഗമായ ഉദയനാപുരം ഓണത്തൊടിയിൽ വിഷ്ണുവിനും കുടുംബത്തിനും സുരക്ഷിത ഭവനമൊരുക്കാൻ നാലു സെന്റ് സ്ഥലം നൽകി ജന്റിൽമാൻ ചിറ്റ്സ് മാനേജിംഗ് ഡയറക്ടർ ബാബുകേശവൻ. ജന്റിൽമാൻ ചിറ്റ്സ് സ്ഥലം സൗജന്യമായി നൽകിയതിനു പിന്നാലെ വീട് നിർമിച്ചു നൽകാൻ മന്ത്രി വി.എൻ.വാസവൻ സഹായവാഗ്ദാനവുമായെത്തി.
കാലിലെ ഞരമ്പിലെ രക്തഓട്ടം നിലച്ച് ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ പൊതുപ്രവർത്തകനായ പി.എം. പ്രെറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് ചികിൽസ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
വീൽചെയറിൽ ഒറ്റമുറി വീട്ടിൽ വിഷ്ണുവിനൊപ്പം അമ്മയും സഹോദരിയുമുണ്ട്. കുടുംബത്തിന്റെ ദുരവസ്ഥ ബോധ്യപ്പെട്ട് പി.എം. പ്രെറ്റി ഇക്കാര്യം മന്ത്രി വാസവന്റെ ശ്രദ്ധയിൽപ്പെടുത്തി. മന്ത്രിയുടെ ആവശ്യപ്രകാരം ബാബുകേശവൻ എട്ടു ലക്ഷം രൂപ വിനിയോഗിച്ച് സ്ഥലം വാങ്ങി നൽകി.
സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായാണ് വിഷ്ണുവിന് ഭൂമി നൽകിയത്. ബാബു കേശവന്റെ വീട്ടിൽ നടന്ന യോഗത്തിൽ മന്ത്രി വി.എൻ. വാസവൻ ഭൂമിയുടെ ആധാരം കൈമാറി. സ്വന്തം പേരിൽ സ്ഥലമില്ലെന്ന കാരണത്താൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടാതെപോയ വിഷ്ണുവിന് ഇനി സ്വന്തം സ്ഥലത്ത് ലൈഫ് പദ്ധതിയിൽ വീട് ഒരുക്കും.
അമ്മയും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് വിഷ്ണു. വീട് നിർമിച്ചു നൽകുന്നതടക്കമുളള സഹായങ്ങൾ നൽകാൻ നാടൊന്നാകെ വിഷ്ണുവിനൊപ്പമുണ്ട്.