നിയന്ത്രണംവിട്ട വാന്‍ കാറിലിടിച്ച് നാലു പേര്‍ക്ക് പരിക്ക്
1589775
Sunday, September 7, 2025 7:14 AM IST
കടുത്തുരുത്തി: നിയന്ത്രണംവിട്ട മിനി വാന്‍ എതിരേ വന്ന കാറിലിടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്കും വാനിലെ യാത്രക്കാരനായ ഒരാള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഏറ്റുമാനൂരിലെ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 4.30ന് കല്ലറ-നീണ്ടൂര്‍ റോഡില്‍ മുടക്കാലി പാലത്തിനു സമീപം വാഴക്കാലാ ജംഗ്ഷനിലാണ് അപകടം. കല്ലറയില്‍നിന്ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലേക്ക് എതിര്‍ദിശയില്‍നിന്നു വന്ന മധ്യപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാന്‍ ഇടിക്കുകയായിരുന്നു. വാനിലെ ഡ്രൈവിംഗ് സീറ്റില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്നും ഇതിലൊരാള്‍ അപകടം നടന്നയുടനെ ഇറങ്ങിയോടിയതായും ദൃക്സാക്ഷികൾ പറയുന്നു.
ഒരു മാസമായി കല്ലറയില്‍ താമസിച്ചു സോപ്പ് വില്പന നടത്തുന്നവര്‍ സഞ്ചരിച്ച വാനാണ് അപകടത്തിനിടയാക്കിയത്. ഇടിയുടെ ആഘാതത്തില്‍ വാന്‍ എതിര്‍ദിശയിലേക്ക് തിരിഞ്ഞാണു നിന്നത്. കാര്‍ ഓടയിലേക്ക് വീണു. ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഒരു മണിക്കൂറോളം കല്ലറ-നീണ്ടൂര്‍ റോഡില്‍ വാഹന ഗതാഗതം തടസപ്പട്ടു. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.