നെടുമണ്ണിയില്‍ പേ ഇളകി പശു ചത്തു
1589551
Saturday, September 6, 2025 11:59 PM IST
കോട്ടയം: പേവിഷബാധയുള്ള തെരുവുനായകളും കുറുനരികളും മനുഷ്യര്‍ക്കു മാത്രമല്ല ജന്തുജാലങ്ങള്‍ക്കും ഭീഷണിയായി. നെടുങ്കുന്നം നെടുമണ്ണിയില്‍ കഴിഞ്ഞ ദിവസം പേയിളകി പശു ചത്തു. തോട്ടത്തില്‍ തീറ്റ തിന്നാന്‍ കെട്ടിയിട്ട പശുവിനെ പേബാധയുള്ള കുറുനരി കടിച്ചതാണെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം തീറ്റയെടുക്കാതെ വന്നപ്പോള്‍ പശുവിനെ മൃഗഡോക്ടര്‍ പരിശോധിച്ച് മരുന്നു കൊടുത്തെങ്കിലും സ്ഥിതി വഷളായി വായില്‍നിന്നും മൂക്കില്‍നിന്നും നുരയും പതയും വന്നപ്പോഴാണ് പേബാധ തിരിച്ചറിഞ്ഞത്. മരത്തില്‍ ബന്ധിച്ച പശു അക്രമാസക്തയായി മരം കുത്തിമറിക്കാനും അടുത്തു വന്ന കാക്കകളെവരെ ആക്രമിക്കാനും ശ്രമിച്ചു. വൈകാതെ നിലംപൊത്തി ചത്തു.
ഇതേ കര്ഷകന് പതിനൊന്നു പശുക്കള്‍കൂടി തൊഴുത്തിലുണ്ട്. പാടങ്ങളിലും തോട്ടങ്ങളിലും മറ്റും മേയാന്‍ വിടുന്ന പോത്തുകളെ കുറുനരി ആക്രമിക്കുന്നത് പതിവാണ്. ജില്ലയില്‍ ഇതോടകം അന്‍പതോളം ആടുകളും പശുക്കളും പോത്തുകളും പേയിളകി ചത്തിട്ടുണ്ട്. ആടുമാടുകള്‍ പേയിളകി ചത്താല്‍ യാതൊരു നഷ്ടപരിഹാരവും ലഭിക്കാറില്ല.
പേബാധയുണ്ടെന്ന വിവരം അറിയാതെ പശുക്കളെ കുളിപ്പിക്കുന്നതും കറവ നടത്തുന്നതും സുരക്ഷിതമല്ല. ഇവയുടെ വായ തുറന്ന് മരുന്ന് നല്‍കുന്നതും അപകരമാണ്. പശുക്കളും പോത്തുകളും പേയിളകി ചത്താല്‍ ഇവയുമായ സമ്പര്‍ക്കം പുലര്‍ത്തിയവരൊക്കെ പ്രതിരോധ കുത്തിവയ്പെടുക്കണം. തൊഴുത്തില്‍ വേറെയുള്ള പശുക്കളെയും നിരീക്ഷിക്കണം. തൊഴുത്തില്‍ കയറുമ്പോഴും പശുക്കളെ പരിചരിക്കുമ്പോഴും കൈയുറയും കാലുറയും ധരിക്കുന്നത് സുരക്ഷിതമാണ്.
പശുക്കള്‍ക്ക് പേബാധ വ്യാപകമാണെന്ന സാഹചര്യത്തിലും മൃഗസംരക്ഷണവകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയില്ല. രോഗമുള്ളതോ രോഗസാധ്യതയുള്ളതോ ആയ ആടുമാടുകളെ അറവുകാര്‍ക്ക് കൈമാറരുത്. പേവിഷ വൈറസ് ഉമിനീരിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുക. അതിനാല്‍ മാസം കൈകാര്യം ചെയ്യുമ്പോള്‍ ആശങ്കപ്പെടേണ്ടതില്ല.
ആട്, പശു, എരുമ എന്നിവയുടെ പാല് തിളപ്പിക്കാതെ കുടിക്കരുത്. നാല്പതു ഡിഗ്രി ചൂടിൽ പേ വൈറസ് നശിച്ചുപോകും. അതിനാല്‍ നൂറു ഡിഗ്രി ചൂടില്‍ വേവിക്കുന്ന പാലും മാംസവും പേബാധയുണ്ടാക്കില്ല.
ജഡം കുഴിച്ചുമൂടുമ്പോള്‍ ജാഗ്രത വേണം
പേയിളകി ആടുമാടുകള്‍ ചത്ത് ജഡം കുഴിച്ചുമൂടുമ്പോള്‍ ജാഗ്രത വേണം. തോട്ടങ്ങള്ക്കുള്ളിലോ റോഡ് സൗകര്യമില്ലാത്ത സ്ഥലത്തോ ചത്താല്‍ അവിടെ ആഴത്തില്‍ കുഴിയെത്ത് മറവു ചെയ്യണം. കൈയുറയും കാലുറയും മാസ്കും ധരിക്കണം.
ശരീരത്തില്‍ മുറിവുകളുണ്ടെങ്കില്‍ അവ നന്നായി പൊതിഞ്ഞു സുരക്ഷിതമാക്കി വേണം ജഡം നീക്കംചെയ്യാന്‍. മാടുകളുടെ കൈകാലുകളില്‍ ബലമുള്ള കയര്‍ കെട്ടി ഒന്നിലേറെപേര്‍ ചേര്‍ന്നു വലിച്ചുനീക്കുന്നതാണ് നല്ലത്. ജഡം കൈകള്‍കൊണ്ട് നേരിട്ട് എടുത്തോ വലിച്ചോ മാറ്റുന്നത് സുരക്ഷിതമല്ല. ഇവയുടെ നുരയും പതയും കണ്ണിലോ മൂക്കിലോ തെറിക്കാന്‍ പാടില്ല. വഴി സൗകര്യമുണ്ടെങ്കില്‍ ജെസിബി എത്തിച്ച് തള്ളിനീക്കി ആഴത്തില്‍ കുഴിയെടുത്ത് മറവു ചെയ്യണം. ഇവയെ മറവുചെയ്യാന്‍ നാലായിരം രൂപയുടെ വരെ ചെലവാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്.