ഓണവിപണിയില്‍ കര്ഷകന് കൊള്ളയടിക്കപ്പെടുന്നു
1588776
Tuesday, September 2, 2025 11:24 PM IST
കോട്ടയം: ഓണവിപണി മുന്നില്‍ക്കണ്ട് ഒരു വര്‍ഷത്തെ അധ്വാനത്തില്‍ കർഷകർ വിളയിച്ച കാര്‍ഷികോത്പന്നങ്ങളുടെ സാമ്പത്തികനേട്ടം ഇടനിലക്കാര്‍ക്കും വ്യാപാരികള്‍ക്കും. ചേന, ചേമ്പ്, കാച്ചില്, വാഴക്കുല തുടങ്ങി എല്ലാ വിഭവങ്ങളും വില്പനവിലയേക്കാള് ഇരുപതും മുപ്പതും രൂപ താഴ്ത്തിയാണ് കര്‍ഷകരില്‍നിന്ന് വ്യാപാരികള്‍ വാങ്ങുന്നത്. ചില വ്യാപാരികള്‍ക്ക് നാടന്‍ വാഴക്കുല ഉള്‍പ്പെടെ വിഭവങ്ങളോടു താത്പര്യമില്ല.
വിലക്കുറവില്‍ ലഭിക്കുന്ന ഗുണനിലവാരം കുറഞ്ഞ ഇതര സംസ്ഥാന സാധനങ്ങളാണ് ഇവര്‍ വില്ക്കാന് താത്പര്യപ്പെടുന്നത്. കോവിഡ് കാലത്ത് നിലച്ചുപോയ കര്‍ഷകരുടെ ചന്തകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാത്തതിനാല്‍ സാധനങ്ങള്‍ വില്ക്കാന് പ്രാദേശിക കച്ചവടക്കാരെ ആശ്രയിക്കണം.
മാര്‍ക്കറ്റില്‍ കിലോ 80 രൂപയ്ക്ക് ചേന വില്ക്കുമ്പോള് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 40-50 രൂപ മാത്രം. ശീമച്ചേമ്പിനും കണ്ണന്ചേമ്പിനും സ്ഥിതി ഇതുതന്നെ.
പച്ച ഏത്തക്കായയ്ക്ക് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 35 രൂപയാണ്. വില്പന അന്‍പതു രൂപയ്ക്കും. പച്ചക്കപ്പ കൊടുത്താല്‍ പത്തു കിലോയ്ക്ക് ഒരു കിലോ അധികം വ്യാപാരികള്‍ക്ക് നല്‍കണം. അതാത് ദിവസം വിറ്റുപോകുന്ന കപ്പയ്ക്ക് തൂക്കക്കൂലി എന്ന പേരിലാണ് ഒരു കിലോ അധികം പറ്റുന്നത്.
ഒരു കിലോ കപ്പ വില്ക്കുമ്പോള് കര്ഷകന് ലഭിക്കുന്നത് 25-30 രൂപ. വില്പന വിലയാവട്ടേ 40 രൂപ. പതിനൊന്ന് കിലോ കപ്പ വില്ക്കുന്നമ്പോള് കച്ചവടക്കാരന് ലഭിക്കുന്ന ലാഭം 150 രൂപ. കപ്പ നട്ട് പത്ത് മാസം വളര്‍ത്തി കഠിനാധ്വാനത്തില്‍ പറിച്ചു വില്‍ക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്ന തുകയുടെ നേര്‍പ്പകുതി ലാഭം കച്ചവടക്കാരന് അവകാശമാക്കുന്നു. വാഴക്കുലയ്ക്കും പച്ചക്കറികള്‍ക്കും ഇതു തന്നെയാണ് സാഹചര്യം. ഒരു വാഴ നട്ടുവളര്‍ത്തി കുല വില്‍ക്കുന്നതുവരെ കുറഞ്ഞത് 150 രൂപയുടെ ചെലവുണ്ട്.
ഇക്കൊല്ലത്തെ കാറ്റിലും മഴയിലും വാഴകള്‍ വന്‍തോതില്‍ നശിക്കുകയും ചെയ്തു. ഇതിന് പുറമേ മലയോരമേഖലയില്‍ വന്യമൃഗങ്ങളും കൃഷി കവര്‍ന്നു.