കുറവിലങ്ങാട് പള്ളിയിൽ ദൈവമാതാവിന്റെ പിറവിത്തിരുനാളിന് കൊടിയേറി
1588506
Monday, September 1, 2025 11:16 PM IST
കുറവിലങ്ങാട്: ആഗോള മരിയൻ തീർഥാടനകേന്ദ്രമായ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവിത്തിരുനാളിന് തുടക്കമായി. ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി തിരുനാൾ കൊടിയേറ്റി. ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ, ഫാ. മാത്യു കവളമ്മാക്കൽ എന്നിവർ തിരുക്കർമങ്ങളിൽ സഹകാർമികരായി.
നോമ്പിന്റെ ആദ്യദിനം ജൂബിലി കപ്പേളയിലേക്ക് നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. മുട്ടുചിറ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
കുറവിലങ്ങാട് നസ്രാണി മഹാസംഗമ വാർഷികാഘോഷത്തിന്റെ ഭാഗമായി ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി ദീപം തെളിച്ചു.
നോമ്പിന്റെ രണ്ടാം ദിനമായ ഇന്നു മുട്ടുചിറ ഫൊറോന തീർഥാടനവും കത്തോലിക്കാ കോൺഗ്രസ് രൂപതാ കമ്മിറ്റിയുടെ തീർഥാടനവും ദേവാലയത്തിലെത്തും. പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചൻ സ്മാരക പാർക്കിൽനിന്നാണ് തീർഥാടനങ്ങൾ ആരംഭിക്കുന്നത്.
ഇന്നു വൈകുന്നേരം അഞ്ചിന് എംഎസ്ടി ഡയറക്ടർ ജനറൽ റവ. ഡോ. വിൻസെന്റ് കദളിക്കാട്ടിൽ പുത്തൻപുരയിലും നാളെ അഞ്ചിന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർഥാടന കേന്ദ്രം റെക്ടർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിലും വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഇന്നു വയോജനദിനാചരണവും നാളെ സംഘടനാദിനാചരണവും നടത്തും.