വഴിയോര വസ്ത്രവിപണി സജീവം
1588778
Tuesday, September 2, 2025 11:24 PM IST
കോട്ടയം: വന്‍കിട മാളുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മാത്രമല്ല ഓണത്തിരക്ക്.
ഓണവിഭവങ്ങളും ഉടയാടകളും മിതമായ നിരക്കില്‍ വാങ്ങാന്‍ സാധാരണക്കാരും പാവങ്ങളും വഴിയോര വിപണിയെ ആശ്രയിക്കുന്നു. പട്ടുപാവാടയും ബ്ലൗസും വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. കസവുസാരിയും കസവുമുണ്ടും വെള്ളിനൂല് കെട്ടിയ മുണ്ടും കൈലിയും ലുങ്കിയും തോര്‍ത്തും ഷര്‍ട്ടും വില്ക്കാന് ഒട്ടേറെ വ്യാപാരികളാണ് നിരത്തുകളിലുള്ളത്.
ബാലരാമപുരം, കുത്താമ്പുള്ളി ഉള്‍പ്പെടെ നെയ്ത്ത് ഗ്രാമങ്ങളില്‍നിന്ന് നേരിട്ടു വില്പനയ്ക്ക് വന്നവരുമുണ്ട്. ഈറോഡ്, തിരുപ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നു വന്‍തോതില്‍ റെഡിമെഡ് വസ്ത്രങ്ങള്‍ വാങ്ങി വില്ക്കുന്നവരും ഏറെപ്പേരാണ്. ഡല്‍ഹിയില്‍നിന്നു ചെരിപ്പ്, ഷൂ, ബാഗ് എന്നിവ വാങ്ങി വില്‍ക്കുന്ന കച്ചവടക്കാര്‍ പലരാണ്. ഡല്‍ഹിയില്‍നിന്ന് ഇത്തരം സാധനങ്ങള്‍ വാങ്ങി ഇവിടെ ഇരട്ടി വിലയ്ക്കാണ് വില്പനയെങ്കിലും വന്‍കിട ബ്രാന്‍ഡുകളുടെ വില വരില്ല.
മോശമല്ലാത്ത ഓണവ്യാപാരം നടക്കുന്ന വേളയിലാണ് മഴ പ്രശ്നമാകുമോ എന്ന ആശങ്ക. ഇന്നും നാളെയുമാണ് വഴിയോരവ്യാപാരം പൊടിപൊടിക്കുന്നത്. മഴ വന്നാല്‍ വില്പന നടക്കില്ല. ഓണം കഴിഞ്ഞാല്‍ വില്പന നടക്കുകയുമില്ല. വാനുകളിലും വഴിയോരത്തും വില്‍ക്കുന്ന പച്ചക്കറിക്ക് താരതമ്യേന വിലക്കുറവുണ്ട്. വെളുത്തുള്ളിയും ചുവന്നുള്ളിയും സവോളയുമായി തമിഴ് വ്യാപാരികള്‍ വാനില്‍ നാടു ചുറ്റുന്നു.
ഓണപ്പപ്പടം വില്ക്കാന് വഴിയോരത്തും മാര്‍ക്കറ്റുകളിലും നിരവധി പേര്. ഇതിനൊപ്പമാണ് കുടുംബശ്രീയും ചെറുകിട സംരംഭകരും പൊടികളും അച്ചാറുകളും പായസക്കിറ്റും കൊണ്ടാട്ടവുമൊക്കെയായി കടകള്‍ തുറന്നിരിക്കുന്നത്. ചില ഹോട്ടലുകളില്‍ പായസക്കച്ചവടവും സജീവമാണ്. ഇതിനൊപ്പമാണ് തമിഴ്നാട്ടില്‍നിന്ന് പൂക്കച്ചവടക്കാര്‍ നഗരങ്ങളില്‍ തമ്പടിച്ചിരിക്കുന്നത്. നാടന്‍ ഇഞ്ചിയും ചേനയും ചേമ്പും വാഴക്കുലയും വിളവെടുത്ത് നേരിട്ടു വില്ക്കുന്നവരും കുറവല്ല.