ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് നടപ്പാക്കി
1588518
Tuesday, September 2, 2025 12:10 AM IST
കോട്ടയം: സര്‍ക്കാര്‍ ആശുപത്രികളില്‍ കാത്തു നില്‍ക്കേണ്ടിവരുന്ന നാളുകള്‍ പഴങ്കഥയാകുന്നു. ചീട്ടെടുക്കുന്നതുമുതല് ആശുപത്രി വിടുന്നതുവരെയുള്ള സേവനങ്ങള്‍ ക്യൂ ഒഴിവാക്കി വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഇ-ഹെല്‍ത്ത് സംവിധാനം ജില്ലയിലെ പകുതിയിലേറെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കി. മെഡിക്കല്‍ കോളജ് മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വരെയുള്ള ജില്ലയിലെ 88 ആശുപത്രികളില്‍ 45 കേന്ദ്രങ്ങളില്‍ ഇ- ഹെല്‍ത്ത് സേവനം ലഭ്യമാണ്. ഈ വര്‍ഷം ഒന്പതിടത്തുകൂടി നടപ്പാക്കും.
38 ആശുപത്രികള്‍ കടലാസു രഹിതമായി. സവിശേഷ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ (യുഎച്ച്ഐഡി ) മാത്രം ഉപയോഗിച്ച് ഒപി ചീട്ട്, ഡോക്ടറെ കാണല്‍, മരുന്ന്, നഴ്സിംഗ് -ലാബ് സേവനങ്ങള്‍ രോഗവിവരങ്ങള്‍ നല്കല് എല്ലാം ഡിജിറ്റലാണ്. ഡോക്ടറുടെ കുറിപ്പും രോഗിക്ക് ഫോണില്‍ കിട്ടും. ബില്ലുകള്‍ ഇപോസ് മെഷീന് വഴി അടയ്ക്കാനുള്ള സംവിധാനം 27 ഇടങ്ങളില്‍ നടപ്പാക്കിത്തുടങ്ങി. ജില്ലയില്‍ ഇ ഹെല്‍ത്ത് സംവിധാനം വഴി ഇതുവരെ 1.13 കോടി രോഗീസന്ദര്‍ശനങ്ങള്‍ നടന്നു. 16,48,744 പേര്‍ക്ക് യുഎച്ച്ഐഡിയുണ്ട്.
2018 ജൂലൈയില്‍ കോട്ടയം മെഡിക്കല്‍ കോളജിലാണ് ജില്ലയില്‍ ഇ-ഹെല്‍ത്ത് സംവിധാനത്തിന് തുടക്കമിട്ടത്. ഏഴു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനതല ഇഹെല്‍ത്ത് റാങ്കില്‍ ജില്ല എട്ടാമതാണ്. 60 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ പകുതിയിലും പദ്ധതി നടപ്പാക്കി ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും സമയബന്ധിതമായി ഇ-ഹെല്‍ത്ത് നടപ്പാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ പറഞ്ഞു.
അഞ്ചുവര്ഷംമുന്പ് ഇഹെല്‍ത്ത് ജില്ലയില്‍ ആദ്യം നടപ്പാക്കിയ വാഴൂര്‍, മീനച്ചില്‍, കുറവിലങ്ങാട് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ സംസ്ഥാന തല റാങ്കിംഗില്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലാണ്. ജില്ലയിലെ തന്നെ മൂന്നിലവ് കുടുംബാരോഗ്യകേന്ദ്രം രണ്ടാം സ്ഥാനവും ബ്രഹ്മമംഗലം, കുറുപ്പുന്തറ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മൂന്നാം സ്ഥാനവും പങ്കിടുന്നു.
കുട്ടികളുടെ ആശുപത്രി, കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ ജനറല്‍ ആശുപത്രികള്‍, പാമ്പാടി താലൂക്ക് ആസ്ഥാന ആശുപത്രി എന്നിവിടങ്ങളിലും ഇ ഹെല്‍ത്ത് സംവിധാനമായി. കുറവിലങ്ങാട്, വൈക്കം താലൂക്ക് ആസ്ഥാന ആശുപത്രികളില്‍ പ്രാഥമിക ഘട്ടത്തിലാണ്. മണിമല, തലനാട്, അയ്മനം, ഓണംതുരുത്ത്, വിഴിക്കത്തോട്, പൂഞ്ഞാര്‍ ജി.വി. രാജ കുടുംബാരോഗ്യകേന്ദ്രങ്ങള്‍, അറുന്നൂറ്റിമംഗലം, എരുമേലി സാമൂഹികരോഗ്യകേന്ദ്രങ്ങള്, ജില്ലാ ടിബി സെന്റര്‍ എന്നിവിടങ്ങളില്‍ ഈ ഹെല്‍ത്ത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
സംസ്ഥാനത്തെ ഏത് ആശുപത്രിയിലും ചികിത്സ തേടാന്‍ ഈ സംവിധാനത്തില്‍ ബുക്ക് ചെയ്യാം. കൗണ്ടറില്‍ ക്യൂ നില്‍ക്കാതെ ഒ പി ടിക്കറ്റെടുക്കാം. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയോ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെയോ ഡോക്ടറുടെ റഫറല്‍ കത്തുണ്ടെങ്കില്‍, യുഎച്ച്ഐഡി ഉപയോഗിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ എല്ലാ വിഭാഗങ്ങളിലേക്കും ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം.
തദ്ദേശ സ്ഥാപനങ്ങള്‍
ഫണ്ട് വകയിരുത്തും
പ്രാഥമികാരോഗ്യകേന്ദ്ര തലത്തില്‍ ഇ- ഹെല്‍ത്ത് സംവിധാനം ഒരുക്കാന്‍ 10 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ചാണ് ഇ ഹെല്‍ത്ത് നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് പദ്ധതി വിപുലീകരിക്കാനും അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വകയിരുത്താനും നിര്‍ദേശമുണ്ട്.
നിലവില്‍ മേജര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്തിന്റെ എല്ലാ മൊഡ്യൂളുകളുമുണ്ട്. വിവിധ ചികിത്സാ വിഭാഗങ്ങള്‍ ബന്ധിപ്പിച്ചുള്ള ഡിജിറ്റലൈസേഷന് വിപുലമായ അടിസ്ഥാനസൗകര്യവികസനം ആവശ്യമാണ്. അടുത്ത ഘട്ടത്തില്‍ പൂര്‍ണതോതില്‍ നടപ്പാകുന്നതോടെ ജില്ലയിലെ മുഴുവന്‍ ആതുരാലയങ്ങളും ഇ ഹെല്‍ത്തില്‍ സജ്ജമാകുമെന്നാണു പ്രതീക്ഷിക്കുന്നത്.