നന്ദിയുടെ നല്ല വാക്കുകളുമായെത്തി മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
1588476
Monday, September 1, 2025 11:16 PM IST
കാഞ്ഞിരപ്പള്ളി: നിയുക്ത കല്യാണ്‍ ആര്‍ച്ച്ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഇന്നലെ മാതൃരൂപതയായ കാഞ്ഞിരപ്പള്ളിയിലെത്തി ധന്യമായ പഴയ ഓര്‍മകള്‍ നന്ദിയോടെ അനുസ്മരിച്ചു. വാണിയപ്പുരയ്ക്കല്‍ കുടുംബവും മാതാപിതാക്കളും സഹോദരങ്ങളും തനിക്ക് പ്രഥമ ഭവനവും കാഞ്ഞിരപ്പള്ളി രൂപത രണ്ടാമത്തെ വിശാലമായ കുടുംബവുമാണെന്ന് അദ്ദേഹം പറഞ്ഞു.
മേരിമാതാ മൈനര്‍ സെമിനാരി പരിശീലനം മുതല്‍ ഇന്നേവരെയുള്ള പ്രയാണത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ കുടുംബം നല്കിയ കരുതലും മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ മാത്യു വട്ടക്കുഴി, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍ എന്നീ പിതാക്കന്മാരും വൈദികഗണവും സന്യസ്തരും വിശ്വാസികളും നല്കിയ കരുതലും പ്രാര്‍ഥനകളും വലിയ ബലംപകര്‍ന്നു. രൂപതയില്‍ വിവിധ ചുമതലകളില്‍ ലഭിച്ച അവസരങ്ങളും പ്രോത്സാഹനങ്ങളും അവിസ്മരണീയമായി സൂക്ഷിക്കുന്നു.
യുവദീപ്തി ഡയറക്ടര്‍ ശുശ്രൂഷയ്ക്കുശേഷം റോമില്‍ ഉപരിപഠനത്തിനു പോയി മടങ്ങിയെത്തിയപ്പോള്‍ മാര്‍ മാത്യു അറയ്ക്കല്‍ ജുഡീഷല്‍ വികാരിയായി നിയമിച്ചു. ജനങ്ങളോടൊപ്പം കഴിയാനുള്ള ആഗ്രഹത്തില്‍ ഏതെങ്കിലുമൊരു ചെറിയ പള്ളിയില്‍ അസിസ്റ്റന്റ് വികാരി സ്ഥാനംകൂടി തരുമോ എന്നു ചോദിച്ചപ്പോള്‍ അറയ്ക്കല്‍ പിതാവ് വികാരിസ്ഥാനംതന്നെയാണ് ഏല്‍പ്പിച്ചത്. തുടര്‍ന്ന് പൂമറ്റം, ചെന്നാക്കുന്ന്, മുളംകുന്ന് പള്ളികളില്‍ വികാരിയായി. നല്ല ബന്ധങ്ങള്‍ വളര്‍ത്തുക മാത്രമല്ല എല്ലാവരെയും തുറവിയോടെ കേള്‍ക്കുക എന്നത് ഒരുപാട് അറിവും അനുഭവവും പകര്‍ന്നുകിട്ടാന്‍ ഇടയായി.
രൂപതയിലും പുറത്തും അനേകരുമായി സ്ഥാപിച്ച ആത്മബന്ധമാണ് ജീവിതത്തിലെ ഏറ്റവും വലിയ കരുതല്‍. രൂപതയില്‍ ഇപ്പോള്‍ വലിയ ചുമതലകള്‍ വഹിക്കുന്ന വൈദികരേറെയും മൈനര്‍ സെമിനാരി പഠനം മുതല്‍ സഹപാഠികളും സഹപ്രവര്‍ത്തകരും ആത്മസ്നേഹിതരുമാണെന്നത് വലിയൊരു ബലമായി മാറി. മാര്‍ ജോസ് പുളിക്കല്‍ പിതാവുമായി മൈനര്‍ സെമിനാരിയില്‍ തുടങ്ങിയ സഹോദരബന്ധം ഇന്നും എന്നും ഊഷ്മളമായി സൂക്ഷിക്കുന്നു.
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ കാഞ്ഞിരപ്പള്ളി പ്രീസ്റ്റ് ഹോമില്‍ കഴിയുന്ന മുന്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. മാത്യു ഏറത്തേടത്തെ സന്ദര്‍ശിച്ച് ഇന്നലെ അനുഗ്രഹം തേടി. പാസ്റ്ററല്‍ സെന്ററില്‍ ഒരുക്കിയ സ്വീകരണത്തിനുശേഷം മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയില്‍ എട്ടുനോമ്പു തിരുനാള്‍ പ്രമാണിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷമാണു മടങ്ങിയത്.
പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്കി.