കേരളത്തിലെ നിക്ഷേപകര്‍ക്ക് സിംബാബ്വെ മന്ത്രിയുടെ ക്ഷണം
1588995
Wednesday, September 3, 2025 7:26 AM IST
ചങ്ങനാശേരി: കേരളത്തിലെ നിക്ഷേപകര്‍ക്ക് ഏറ്റവും സാധ്യതയുള്ള രാജ്യമാണ് ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയെന്ന് ഗുജറാത്തില്‍ കുടുംബവേരുകളുള്ള സിംബാബ്വെ വ്യവസായ-വാണിജ്യ സഹമന്ത്രി രാജേഷ്കുമാര്‍ ഇന്ദുകാന്ത് മോദി. കുറഞ്ഞ വിലയുള്ള പാദരക്ഷകള്‍, തുകല്‍ ഉത്പന്നങ്ങള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അസബ്ലിംഗ്, സൗരോര്‍ജ ഉപകരണങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ സംസ്കരണം, റെയില്‍വേ നവീകരണം, ഇലക്ട്രോണിക്സ്, ഇപിസി എന്നീ മേഖലകളില്‍ കേരളത്തിലെ കമ്പനികള്‍ക്കുള്ള വൈദഗ്്ധ്യം തങ്ങള്‍ക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റേഡിയോ മീഡിയാ വില്ലേജില്‍ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവ് -2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡന്റ് അഡ്വ. ബോബന് ടി. തെക്കേല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
സിംബാബ്വെ ട്രേഡ് കമ്മീഷണര്‍ ബൈജു എം. കുമാര്‍, നമീബിയ ട്രേഡ് കമ്മീഷണര്‍ രമേഷ്കുമാര്‍, യൂറോപ്യന്‍ യൂണിയന് ട്രേഡ് കമ്മീഷണറും കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ ചുമതലയുള്ള രാഹുല്‍ സുരേഷ്, ടെനി നീലത്തുംമൂക്കില്‍, ഡോ. ജിജി ബോബന്, വിനോദ് പണിക്കര്‍, തോമസ് മാത്യു തെക്കേക്കര, ബേബിച്ചന് പ്രാക്കുഴി, വിജയകുമാര്‍ മേനോന്, ഹഫീസ് നസീര്‍, ജോജിമോന് ജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിംബാബ്വെ ട്രേഡ് കമ്മീഷണറുടെ കീഴില്‍ 21 ഇന്ത്യന്‍ കമ്പനികളുടെ രജിസ്ട്രേഷന് പൂര്‍ത്തിയായിട്ടുണ്ട്. സംരംഭം തുടങ്ങാന്‍ ആരംഭിക്കുന്നവര്‍ക്ക് ഏഴു പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ ലൈസന്‍സ് നല്‍കും. പ്രത്യേക സാമ്പത്തിക മേഖലകളില്‍ അഞ്ചു വര്‍ഷത്തേക്ക് കോര്‍പറേറ്റ് നികുതി ഇല്ല. മൂലധന ഉപകരണങ്ങള്‍ക്ക് തീരുവ രഹിത ഇറക്കുമതിയും സാധ്യമാണ്.
2030 ഓടെ ഉയര്‍ന്ന- ഇടത്തരം വരുമാനമുള്ള രാജ്യമായി മാറാനാണ് സിംബാബ്വെ ലക്ഷ്യം ഇടുന്നത്. അതിനായി വ്യവസായവത്കരണം, പ്രകൃതി വിഭവങ്ങളുടെ മെച്ചപ്പെട്ട ഉപയോഗം, സുസ്ഥിര ഊര്‍ജം, ശക്തമായ നിക്ഷേപ പങ്കാളിത്തങ്ങളിലൂടെയുള്ള വളര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.