ഉത്രാടപ്പാച്ചിലിന്റെ ആരവങ്ങളൊഴിഞ്ഞു; ഇന്ന് തിരുവോണം
1589265
Thursday, September 4, 2025 11:40 PM IST
കാഞ്ഞിരപ്പള്ളി: പൊന്നിൻ തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചിലിന്റെ ആരവങ്ങളൊഴിഞ്ഞു. ഇന്ന് തിരുവോണം. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവത്തിലാണ് മലയാളികള്‍. ഉത്രാടനാളില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബങ്ങള്‍ തിരുവോണത്തിനൊരുങ്ങി. ഇടവിട്ടുള്ള മഴ വെല്ലുവിളിയായെങ്കിലും ഓണക്കാഴ്ചകൾ മങ്ങിയില്ല.
സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനും ഓണക്കോടി എടുക്കാനും പൂക്കൾ വാങ്ങാനും ആളുകൾ നിരത്തിൽ ഇറങ്ങി. വസ്ത്ര വ്യാപാരശാലകളിലും പച്ചക്കറി, പലചരക്ക് കടകളിലുമെല്ലാം തിരക്ക് രാത്രി വരെ നീണ്ടു. ഒറിജിനൽ പൂക്കൾകൊണ്ട് ഏറെ സമയമെടുത്ത് ചെയ്യുന്ന പൂക്കളത്തിന് പകരം പ്ലാസ്റ്റിക് പൂക്കളം വിപണിയിലുണ്ട്. ഓണക്കോടി പ്രധാനമായതിനാൽത്തന്നെ വ്യത്യസ്തമാർന്ന കേരളീയ വസ്ത്രങ്ങൾ ഇത്തവണത്തെ ഓണത്തിന് വിപണിയിൽ ലഭ്യമാണ്.
ഓണത്തിന്റെ വരവറിയിച്ച് കഴിഞ്ഞ ദിവസങ്ങളായി ടൗണും വ്യാപാരസ്ഥാപനങ്ങളും ജനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇത്തവണ ഓണവിപണിയില്‍ സാധനങ്ങള്‍ക്ക് താരതമ്യേന വില കൂടുതലാണെങ്കിലും ഓണത്തിന് ഒന്നിനും ഒരു കുറവും വരാതെയിരിക്കാൻ മലയാളികൾ ശ്രദ്ധിക്കാറുണ്ട്.
ഗ്രാമക്കൂട്ടായ്മ
പൊൻകുന്നം: ചിത്രാഞ്ജലി ചുള്ളൻസ് ഗ്രാമക്കൂട്ടായ്മയുടെ ഓണാഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ ഒന്പതുമുതൽ കലാകായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും.