ഓണാഘോഷം: കുമരകത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്
1589261
Thursday, September 4, 2025 7:22 AM IST
കുമരകം: കോവിഡ് മൂലം മന്ദഗതിയിലായിരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ്. ഓണ സീസണെത്തിയതോടെ കുമരകത്തെ എല്ലാ റെസ്റ്ററന്റുകളും ഹോട്ടലുകളും വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞുകഴിഞ്ഞു. എല്ലാ ഹോട്ടലുകളും ഹോംസ്റ്റേകളും റെസ്റ്ററന്റുകളും ഹൗസ്ഫുൾ ആണ്.
വിനോദസഞ്ചാര സ്ഥാപനങ്ങൾ എല്ലാംതന്നെ പൂക്കൾ ഉപയോഗിച്ച് അലങ്കരിച്ചു. തിരുവോണനാൾ രാവിലെ പൂക്കളങ്ങൾ ഇടും. നല്ല പൂക്കളത്തിന് സമ്മാനം നൽകും. തുടർന്ന് തിരുവാതിരകളി, പുലികളി, കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങൾ അരങ്ങേറും. ഒപ്പം ഓണപ്പാെട്ടന്റെ വരവായി. ഓണപ്പൊട്ടൻ വിനോദസഞ്ചരികളുടെ മുറികളിലെത്തി ആശംസകൾഅറിയിക്കും. ഉച്ചയ്ക്ക് ഒന്നിനാണ് ഓണസദ്യ .
കുമരകത്ത് ആറിനും ഏഴിനും നടക്കുന്ന രണ്ടു പ്രധാന മത്സരവള്ളംകളികൾ കൂടാതെ 10ന് ഫൈബർ ചുണ്ടനുകളുടെ പ്രദർശന മത്സരം വിനോദസഞ്ചാരികൾക്കായി ഇക്കുറി ഒരുക്കിയിട്ടുണ്ട്. തദ്ദേശീയരായ തുഴച്ചിൽക്കാർക്കൊപ്പം ചുണ്ടൻവള്ളം തുഴയാനും വിനോദസഞ്ചാരികൾക്ക് അവസരം ലഭിക്കും.
പത്തുപങ്കിലെ നയന മനോഹര ആമ്പൽവസന്തം വിനോദസഞ്ചാരികൾക്ക് പുതിയ അനുഭൂതിയാണ്. പുലർച്ചെ മുതൽ വെയിൽ ശക്തി പ്രാപിക്കുന്നതു വരെ വെള്ളത്തിനുമീതെ ഓളത്തിനൊപ്പം ആടി ഉലയുന്ന ആമ്പൽ പൂക്കളുടെ നീണ്ടനിര അസുലഭ കാഴ്ചവസന്തമാണ്.
വിനോദസഞ്ചാര മേഖല ഉയിർത്തെഴുന്നേറ്റെങ്കിലും വിദേശീയരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതരസംസ്ഥാനക്കാരുടെ തിരക്കാണധികവും.