പ്രകാശിന്റെ കുടുംബത്തിന് വീട്
1588992
Wednesday, September 3, 2025 7:26 AM IST
പായിപ്പാട് സൗഹൃദ കൂട്ടായ്മയുടെ തിരുവോണ സമ്മാനം
പായിപ്പാട്: രണ്ടുവര്‍ഷം മുമ്പ് അകാലത്തില്‍ പൊലിഞ്ഞ ഓട്ടോറിക്ഷാ തൊഴിലാളി പ്രകാശിന്റെ കുടുംബത്തിനു മുണ്ടുകോട്ട, അമ്മത്താഞ്ചിറ പ്രദേശത്തെ സൗഹൃദ റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ഓണസമ്മാനമായി വീടു നിര്‍മിച്ചു നല്കി. പ്രദേശത്തെ നാട്ടുകാരും അസോസിയേഷന് ഭാരവാഹികളും ചേര്‍ന്ന് നടത്തിയ ഓണാഘോഷ പരിപാടിയില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം വിനു ജോബ്, പ്രകാശിന്റെ ഭാര്യ ബിന്ദുവിന് താക്കോല്‍ കൈമാറി.
നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ജിബി ടി. ഏബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അസോസിയേഷന്റെ ഓണാഘോഷ ചടങ്ങില്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം വിനു ജോബ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ആസൂത്രണസമതി ചെയര്മാന് രാജു കോട്ടപ്പുഴയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന് സെക്രട്ടറി പി.എന്‍. ഹരികുമാര്‍ വീടിന്റെ വരവ്-ചെലവ് കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. തൃക്കൊടിത്താനം സബ് ഇന്‍സ്പെക്ടര്‍ ഗിരീഷ്, സുധര്‍മ സന്തോഷ്, മാത്യു വര്‍ഗീസ്, കെ.ടി. വിജയന് എന്നിവര്‍ പ്രസംഗിച്ചു.
ഓണാഘോഷ ചടങ്ങില്‍ നാട്ടുകാരുടെയും കുട്ടികളുടെയും നിരവധി കലാമത്സരവും വടംവലിയും നടത്തി. യോഗാവസാനം നാട്ടുകാര്‍ ഒരുമിച്ച് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് നാട മുറിച്ച് ഭവനത്തില്‍ പ്രവേശിച്ചു.
നാട്ടുകാര്‍ക്കു മുഴുവന്‍ നന്ദി പറഞ്ഞ കുടുംബം തിരുവോണനാളില്‍ പുതിയ വീട്ടില്‍ താമസം തുടങ്ങുമെന്നറിയിച്ചത് നാട്ടുകാര്‍ കരഘോഷത്തോടെ സ്വീകരിച്ചു.