കാണിക്കവഞ്ചി തകര്‍ത്ത് മോഷണശ്രമം
1588983
Wednesday, September 3, 2025 7:15 AM IST
കുറുപ്പന്തറ: റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള കുറുപ്പന്തറ കണ്ടാറ്റുകാവ് ഭദ്രകാളി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവരാന്‍ ശ്രമം. കുറുപ്പന്തറ-കല്ലറ റോഡില്‍ കുറുപ്പന്തറ റെയില്‍വേ ഗേറ്റിന് സമീപമുള്ള കാണിക്കവഞ്ചിയാണ് കുത്തിത്തുറക്കാന്‍ ശ്രമം നടന്നത്. ഇന്നലെ പുലര്‍ച്ചെ 3.20 ഓടെയാണ് സംഭവം. സമീപത്തെ സിസിടിവിയില്‍ മോഷ്ടാവിന്റേതെന്ന് കരുതുന്ന, പാന്റ്സും ഷര്‍ട്ടും ധരിച്ച ഒരാള്‍ ഈ സമയം ഇതുവഴി നടന്നു പോകുന്നതായുള്ള ദൃശ്യം പതിഞ്ഞിട്ടുണ്ട്.
പൂട്ട് തകര്‍ത്തെങ്കിലും കാണിക്കവഞ്ചി തുറക്കാനാവാതെ വന്നതോടെ മോഷ്ടാവ് ശ്രമം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. കാണിക്കവഞ്ചിയില്‍നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്രത്തിന്റെ ദേവസ്വം അധികാരി രാജീവ് മറ്റപ്പള്ളി പറഞ്ഞു. സംഭവം സംബന്ധിച്ചു കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയതായും രാജീവ് അറിയിച്ചു.
മാഞ്ഞൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഭവങ്ങള്‍ സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്.