എപ്പോഴും പരിധിക്കു പുറത്ത് : ബിഎസ്എന്‍എല്‍ ഉപേക്ഷിച്ച് ഉപയോക്താക്കള്‍
1589255
Thursday, September 4, 2025 7:15 AM IST
ചങ്ങനാശേരി: ബിഎസ്എന്‍എല്‍ റേഞ്ചിനുപുറത്ത്. മൊബൈല്‍ ഫോണുകള്‍ തകരാറിലായിട്ട് മാസങ്ങള്‍ പിന്നിടുന്നു. സഹികെട്ട ഉപയോക്താക്കള്‍ കൂട്ടത്തോടെ ബിഎസ്എല്‍ ഫോണ്‍ കണക്ഷനുകള്‍ ഉപേക്ഷിക്കുന്നു. ഫോര്‍ ജി അപ്ഗ്രഡേഷന്റെ ഭാഗമായുള്ള തകരാറുകളാണ് ഫോണ്‍ കണക്ഷനുകളില്‍ വ്യാപകമായ പ്രതിസന്ധിക്കു കാരണമെന്നാണ് ബിഎസ്എന്‍എല്‍ അധികാരികള്‍ ചൂണ്ടിക്കാണിക്കുന്നത്. മാസങ്ങളായി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ഉപയോക്താക്കള്‍ വന്‍തോതില്‍ ബിഎസ്എന്‍എല്‍ കണക്ഷന് ഉപേക്ഷിക്കുന്നത്.
ഫോണ്‍ വിളിച്ചാല്‍ ലഭിക്കാത്തതും ഇന്റര്‍നെറ്റ് തകരാറുകളും വ്യാപകമായത് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളായ ആയിരക്കണക്കിനാളുകളെയാണ് ബാധിച്ചിരിക്കുന്നത്. പലരുടേയും ബിസിനസിനേയും ജോലികളേയും ഇതു സാരമായി ബാധിച്ചിട്ടുണ്ട്.
തകരാറുകള്‍മൂലം ബിഎസ്എന്‍എല്‍ കണക്ഷനൊപ്പം മിക്കവർക്കും മറ്റ് സ്വകാര്യ മൊബൈല്‍ കണക്ഷനുകളും ഉപയോഗിക്കേണ്ട അവസ്ഥയാണ്. രണ്ട് കണക്ഷന് ഉപയോഗിക്കുന്നത് സാമ്പത്തിക ബാധ്യതയായതോടെയാണ് പലരും ബിഎസ്എന്‍എല്‍ ഉപേക്ഷിക്കാന്‍ കാരണമായത്.
കണക്ഷന് പ്രശ്നങ്ങള്‍ പരിഹരിച്ചുവരികയാണെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുമ്പോഴും വിഷയം വഷളാകുകയാണെന്നാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം സ്വകാര്യ മൊബൈല്‍ കമ്പനികളെ സഹായിക്കുന്നതിന്റെ ഭാഗമാണിതെന്നും ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ സംശയിക്കുന്നു. ബിഎസ്എന്‍എലിന്റെ നിരുത്തരവാദിത്വ നിലപാടിനെതിരേ ഉപയോക്താക്കള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരത്തിനും തയാറെടുക്കുന്നുണ്ട്.