ബൈപാസ് റോഡിൽ ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാറിടിച്ച് അപകടം
1588977
Wednesday, September 3, 2025 7:15 AM IST
ഏറ്റുമാനൂർ: പട്ടിത്താനം-മണർകാട് ബൈപാസ് റോഡിൽ വീണ്ടും വാഹനാപകടം. ഓട്ടോറിക്ഷയ്ക്കു പിന്നിൽ കാറിടിക്കുകയായിരുന്നു. തവളക്കുഴിക്കും പട്ടിത്താനത്തിനുമിടയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നാണ് സംഭവം.
പട്ടിത്താനം മാലിയേപ്പടി സ്വദേശി സതീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണു നിന്നത്. ഓട്ടോറിക്ഷ പൂർണമായി തകർന്നു. സാരമായി പരിക്കേറ്റ സതീഷിനെ തെള്ളകത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പട്ടിത്താനം സ്വദേശി സുധീഷ് ഓടിച്ചിരുന്ന കാറാണ് ഓട്ടോറിക്ഷയിൽ ഇടിച്ചത്. സുധീഷ് ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണെന്നു പറയുന്നു.