കുടുംബശ്രീയുടെ ഓണവിപണി ഹിറ്റ്
1588777
Tuesday, September 2, 2025 11:24 PM IST
കോട്ടയം: ജില്ലയിലെ കുടുംബശ്രീയുടെ ഓണവിപണന പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയത്തിലേക്ക്. നാടിന്റെ രുചിയും വീട്ടമ്മമാരുടെ കൈപ്പുണ്യവും നിറഞ്ഞ കുടുംബശ്രീ ഉത്പന്നങ്ങള്‍ ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തി ഗിഫ്റ്റ് ഹാംപറുകളും ഒരുക്കിയിട്ടുണ്ട്. ഇവ ഓണച്ചന്തകളിലും വിപണനമേളകളിലും ലഭ്യമാണ്.
കുടുംബശ്രീയുടെ പോക്കറ്റ് മാര്‍ട്ട് ഓണ്‍ലൈന്‍ ആപ്പിലൂടെയും ഉത്പന്നങ്ങള്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്യാം. ഇതിനകം 5,335 ഓണകിറ്റുകള്‍ വിതരണം ചെയ്തു. ഓണസദ്യക്ക് 2,520 ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ട്. ഉത്രാടം വരെ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനാല്‍ വരുമാനം ഇനിയും ഉയരുമെന്ന് പ്രതീക്ഷയിലാണ്.
ജില്ലാതലത്തില്‍ നടക്കുന്ന പ്രധാന വിപണനമേളകള്‍ക്ക് പുറമേ, എല്ലാ സിഡിഎസുകളിലും രണ്ടുവീതം ഓണച്ചന്തകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളില്‍നിന്നുള്ള സംരംഭകരുടെ പച്ചക്കറികള്‍, പൂക്കള്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയും ഓണച്ചന്തകളില്‍ ലഭ്യമാണ്.
ഓണത്തിന്റെ സന്തോഷവും നാട്ടിന്റെ തനിമയും കുടുംബശ്രീയുടെ കൈപ്പുണ്യവും ഒരുമിച്ചെത്തിക്കുന്ന ഓണച്ചന്തകളും വിപണനമേളകളും ജനപ്രീതിയോടെ മുന്നേറുകയാണ്.