ഗ്രാമസമൃദ്ധി 2025ന് തുടക്കം
1588595
Tuesday, September 2, 2025 2:43 AM IST
മണര്‍കാട്: മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കൂടുതല്‍ കോഴികളെ വളര്‍ത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.
ശാസ്ത്രീയ രീതിയില്‍ വളര്‍ത്തിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിതരണം നടപ്പാക്കുന്ന ഗ്രാമസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനവും ജൈവ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തില്‍നിന്നു 25 ലക്ഷം രൂപ വിനിയോഗിച്ചു നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞവര്‍ഷമുണ്ടായ പക്ഷിപ്പനിയെത്തുടര്‍ന്ന് കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ അവരുടെ ഒപ്പം നിന്നുവെന്നു മന്ത്രി പറഞ്ഞു.
തെരുവുനായ്ക്കള്‍ പെരുകുന്നത് തടയാന്‍ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളിലും മൊബൈല്‍ എബിസി യൂണിറ്റുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, പി.എം. മാത്യു, റെജി എം. ഫിലിപ്പോസ്, നിബു ജോണ്‍, മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ബ്ലോക്ക് പഞ്ചായത്തംഗം പ്രേമ, പഞ്ചായത്തംഗം രജിത അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.