ജില്ലയിൽ കുട്ടികള്‍ പനിച്ചുവിറയ്ക്കുന്നു
1588512
Tuesday, September 2, 2025 12:10 AM IST
കോട്ടയം: ജില്ലയിലെ കുട്ടികള്‍ പനിച്ചു വിറയ്ക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി കുട്ടികളാണ് പനി ബാധിച്ചു സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ശക്തമായ പനിക്കൊപ്പം തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ട്.
ജില്ലയില്‍ ഇന്‍ഫ്ളുവന്‍സ എ, തക്കാളിപ്പനി, പനിക്കൊപ്പം ഛര്‍ദിയും വയറിളക്കവുമാണ് കൂടുതലായി കണ്ടുവരുന്നത്. ചികിത്സതേടി എത്തുന്ന കുട്ടികളില്‍ കൂടുതലായി കണ്ടെത്തിയത് ഇന്‍ഫ്ളുവന്‍സ എ എന്ന വൈറല്‍ പനിയാണ്. ആദ്യരണ്ടു ദിവസങ്ങളില്‍ അതിശക്തമായ പനി, കണ്ണുകളും ചുണ്ടും ചുവന്നു വരുക, ശരീരവേദന, ഛര്‍ദി, വയറുവേദന, ആഹാരത്തോടു താത്പര്യമില്ലായ്മ, ആഹാരത്തിന്റെ രുചിയറിയാനുള്ള ശേഷി കുറയുക എന്നിവയാണിതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇന്‍ഫ്ലുവന്‍സ കാര്‍ഡ് ടെസ്റ്റ് ചെയ്താല്‍ ഈ രോഗം തിരിച്ചറിയാനാകും. ആന്റിബയോട്ടിക്കുകളുടെ ആവശ്യമില്ല. ആന്റിവൈറല്‍ മരുന്നുകള്‍ നല്കിയാല് രോഗം ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കുട്ടികളില്‍ ഛര്‍ദിയില്‍ തുടങ്ങി പനി, വയറിളക്കം എന്നിവയിലേക്ക് എത്തിയാല്‍ ഛര്‍ദി നിര്‍ത്തുന്നതിനുള്ള മരുന്നുകള്‍, ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, തിളപ്പിച്ചാറിച്ച വെള്ളം എന്നിവ നല്‍കാം. പനിയുള്ളപ്പോള്‍ പാരസെറ്റമോളും നല്‍കാം. ചിലരില്‍ പനി കൂടാതെ ന്യൂമോണിയയും കണ്ടു വരുന്നുണ്ട്. ഒന്നോ രണ്ടോ ആഴ്ച തുടരെ നീണ്ടുനില്‍ക്കുന്ന ചുമ, അതിനുശേഷം പനിയും കാണുന്നു.
നെഞ്ചില്‍ കഫക്കെട്ട് ഉണ്ടെന്നു മനസിലാക്കിയാല്‍ എക്സ്റേ പരിശോധനയും രക്തപരിശോധനയും വേണ്ടി വരും. പുറമേ ലക്ഷണങ്ങളില്ലെങ്കിലും ചില കുട്ടികളില്‍ ന്യൂമോണിയ കാണാറുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളിപ്പനി എന്ന ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസും കുട്ടികളില്‍ കാണുന്നുണ്ട്. കോക്സാക്കി വൈറസാണു രോഗകാരി. ഉള്ളംകൈ, ഉള്ളംകാല്, കൈമുട്ട്, കാല്‍മുട്ട്, നിതംബഭാഗം, ചുണ്ടുകള്‍ക്കു ചുറ്റുമുള്ള ഭാഗം, വായ എന്നിവിടങ്ങളില്‍ കുരുക്കളായാണ് ഇതു പ്രകടമാകുന്നത്.
വായ്ക്കുള്ളില്‍ അള്‍സര്‍ രൂപപ്പെടുന്നു. ശക്തമായ പനി, കുരുക്കളുള്ള ഭാഗത്തു ചൊറിച്ചില്‍, ശരീരവേദന എന്നിവ പ്രധാനലക്ഷണങ്ങളാണ്. ഇതിനു പാരസെറ്റമോള്‍ നല്കിയാല് മതിയാകും. ശരീരത്തിലെ ചൊറിച്ചിലിനു കലാമിന് ലോഷന്‍ പുരട്ടാം. കുട്ടികളുടെ ശീരത്തില്‍ ചൂട് തുടങ്ങിയാല്‍ രണ്ടു ദിവസം പാരസെറ്റമോള്‍ നല്കി കുട്ടിയെ വിശ്രമിപ്പിക്കണം.
നിര്‍ജലീകരണത്തിന്റെ ഭാഗമായി കുട്ടിയുടെ നാവ് ഉണങ്ങും. വെള്ളം കുടിക്കാന്‍ പ്രയാസം, ക്ഷീണം, മയക്കം, മൂത്രത്തിന്റെ അളവു കുറയുക എന്നിവയും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ പനിയുടെ ചൂടു കുറയുന്നുണ്ടെങ്കില്‍ 48 മണിക്കൂര്‍ വരെ കുട്ടിയെ നിരീക്ഷിക്കണം.
ഡോക്ടര്‍മാരുടെ
നിര്‍ദേശങ്ങള്‍
കുട്ടികളില്‍ പനിച്ചൂട് ഉയരാതെ ശ്രദ്ധിക്കണം. ഇപ്പോള്‍ പടരുന്ന പനികള്‍ക്കെല്ലാം ആദ്യദിവസം ഉയര്‍ന്ന ചൂടായിരിക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം പാരസെറ്റമോള്‍ നാലു മുതല്‍ ആറു മണിക്കൂര്‍ ഇടവേളയില്‍ നല്‍കണം. ശരീരം ഇളംചൂടുവെള്ളത്തില്‍ തുണി മുക്കിപ്പിഴിഞ്ഞു നന്നായി തുടച്ചു കൊടുക്കുക.
ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വളരെ ഉയര്‍ന്ന പനിക്കുള്ള മരുന്നുകള്‍ നല്‍കാവൂ. ശരീരോഷ്മാവ് കൂടിയാല്‍ ആറുമാസം മുതല്‍ അഞ്ചു വയസു വരെയുള്ള കുട്ടികളില്‍ ഫിറ്റ്സ് പോലെ വരാം.
ഇതു പ്രത്യേകശ്രദ്ധ നല്‍കേണ്ട ഘട്ടമാണ്. ഫിറ്റ്സ് വന്നിട്ടുള്ള കുട്ടികളാണെങ്കില്‍ അടുത്ത പനിയിലും അത് ആവര്‍ത്തിക്കാനിടയുണ്ട്. അതു വരാതെ തടയുന്നതിനുള്ള മരുന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്‍കിയിരിക്കണം.
വിവരങ്ങള്‍ക്കു കടപ്പാട്
ഡോ. ജിസ് തോമസ് പാലുക്കുന്നേല്‍
ശിശുരോഗ വിഭാഗം തലവന്‍
മാര്‍ സ്ലീവാ മെഡിസിറ്റി, പാലാ