കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ ഭക്തജനത്തിരക്കേറി
1588735
Tuesday, September 2, 2025 10:24 PM IST
കാഞ്ഞിരപ്പള്ളി: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ മാതാവിന്റെ പിറവിത്തിരുനാളിനും പങ്കെടുക്കാൻ വിശ്വാസികളുടെ തിരക്ക്.
കിഴക്കന്‍ പ്രദേശത്തെ പുരാതന മരിയന്‍ തീർഥാടനകേന്ദ്രമാണ് പഴയപള്ളി. നാടിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനു വിശ്വാസികളാണ് തിരുക്കർമങ്ങളിൽ പങ്കെടുക്കാനും നേർച്ചകാഴ്ചകൾ അർപ്പിക്കാനും അക്കരയമ്മയുടെ സവിധത്തിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ പത്തുമുതൽ വിതരണം ചെയ്യുന്ന നേർച്ചക്കഞ്ഞി കഴിക്കാനും നാനാജാതി മതസ്ഥർ എത്തുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 6.15ന് നടക്കുന്ന ജപമാല പ്രദക്ഷിണത്തിലും നിരവധി വിശ്വാസികളാണ് പങ്കെടുക്കുന്നത്.
തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരി, ഫാ. തോമസ് നല്ലൂർകാലായിപ്പറമ്പിൽ, കൈക്കാരന്മാരായ കെ.സി. ഡൊമിനിക് കരിപ്പാപ്പറമ്പിൽ, ഏബ്രഹാം കെ. അലക്സ് കൊല്ലംകുളം, പി.കെ. കുരുവിള പിണമറുകിൽ, ടി.സി. ചാക്കോ വാവലുമാക്കൽ, ജനറൽ കൺവീനർ മാത്തച്ചൻ മാളിയേക്കൽ, പബ്ലിസിറ്റി കൺവീനർ ബിജു പത്യാല എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
രൂപത എസ്എംവൈഎമ്മിന്റെയും മാതൃവേദിയുടെയും നേതൃത്വത്തില്‍ ഇന്ന് മരിയൻ തീർഥാടനം നടത്തും. രാവിലെ 9.30ന് രൂപതയിലെ വിവിധ ഇടവകയിൽനിന്നുള്ള മാതാക്കളും യുവജനങ്ങളുമൊരുമിച്ച് സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ ദിവ്യകാരുണ്യാരാധനയിൽ പങ്കുചേരും. തുടർന്ന് പഴയപള്ളിയിലേക്ക് കാഞ്ഞിരപ്പള്ളി ടൗൺ ചുറ്റി പരിശുദ്ധ അമ്മയുടെ 30 പ്രത്യക്ഷീകരണങ്ങൾ ഉൾച്ചേർത്തുകൊണ്ട് ജപമാല പ്രദക്ഷിണം നടത്തും.
പഴയപള്ളിയിൽ ഇന്ന്
രാവിലെ അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് വിശുദ്ധ കുർബാന - ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, 8.15ന് വിശുദ്ധ കുർബാന - ഫാ. പയസ് കൊച്ചുപറന്പിൽ, 10ന് വിശുദ്ധ കുർബാന - ഫാ. തോമസ് ഉറുന്പിത്തടത്തിൽ, 11.30ന് മരിയൻ തീർഥാടനം - മാർ ജോസ് പുളിക്കൽ, 12ന് വിശുദ്ധ കുർബാന - ഫാ. മാത്യു ഓലിക്കൽ, ഫാ. തോമസ് നരിപ്പാറയിൽ, രണ്ടിന് വിശുദ്ധ കുർബാന - ഫാ. ജയിംസ് വടക്കേകരിക്കാട്ടിൽ, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന - ഫാ. സെബാസ്റ്റ്യൻ പാലംമൂട്ടിൽ, 6.15ന് ജപമാല പ്രദക്ഷിണം, രാത്രി ഏഴിന് വിശുദ്ധ കുർബാന.