കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ആറു വയസ്
1588505
Monday, September 1, 2025 11:16 PM IST
കുറവിലങ്ങാട്: ഓർമകൾക്ക് സഭൈക്യത്തിന്റെ സുഗന്ധം സമ്മാനിച്ച് കുറവിലങ്ങാട്ട് ആറു വർഷങ്ങൾക്കു മുമ്പ് ഇടവക ആതിഥ്യമരുളിയ നസ്രാണി മഹാസംഗമം സമസ്ത മേഖലകളിലും ഇന്നും ആവേശത്തിനു വകസമ്മാനിക്കുന്നു.
വിവിധ ക്രൈസ്തവ സഭാതലവന്മാരടക്കം പങ്കെടുത്ത സമ്മേളനത്തിൽ ജന്മവും കർമവും വഴി കുറവിലങ്ങാടിന്റെ ഭാഗമായ വ്യക്തികളാണ് പങ്കെടുത്തത്. പതിനെണ്ണായിരത്തോളം പേർ പങ്കെടുത്ത സംഗമത്തിന്റെ ഭാഗമായി മരിയൻ സിമ്പോസിയവും നടത്തിയിരുന്നു.
ഇപ്പോഴത്തെ പാലാ രൂപതാ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ വികാരിയായിരിക്കേയാണ് സംഗമം നടത്തിയത്.
സംഗമത്തിന്റെ വാർഷികദിനത്തിൽ ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി ദീപം തെളിച്ചു. വൈദികരും യോഗപ്രതിനിധികളും കുടുംബക്കൂട്ടായ്മാ ഭാരവാഹികളും പങ്കെടുത്തു. നസ്രാണി മഹാസംഗമസ്മാരകമായി പള്ളിയോഗശാലയിൽ സ്ഥാപിച്ചിരിക്കുന്ന സ്മാരകദാരുശില്പത്തിന് സമീപമാണ് ദീപം തെളിച്ചത്.