പായസവിപണി ഉണര്‍ന്നു
1588517
Tuesday, September 2, 2025 12:10 AM IST
കോട്ടയം: ഓണവിപണി ഉണര്‍ന്നതോടെ നാടെങ്ങും പായസമേളകള്ക്കും തുടക്കമായി. ബേക്കറികളിലും ഹോട്ടലുകളിലും വിവിധ കുടുംബശ്രീ യൂണിറ്റുകളിലും പായസമേളകള്‍ ആരംഭിച്ചു കഴിഞ്ഞു. വിവിധ സ്ഥാപനങ്ങളും റെസിഡന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളും ഓണാഘോഷങ്ങള്‍ തുടങ്ങിയതോടെ വിവിധ തരത്തിലുള്ള പായസങ്ങള്‍ക്കും ഡിമാന്‍ഡ് വര്‍ധിച്ചു.
അടപ്രഥമനും പാല്പായസത്തിനും ആവശ്യക്കാരേറെയാണ്. ഓണമെത്തിയതോടെ വഴിയോരത്ത് കടകളിലാകെ പായസത്തിനു മാത്രമായി പ്രത്യേക സ്റ്റാളുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇഷ്ടപ്പെട്ടവ തിരഞ്ഞുവാങ്ങി വീട്ടില്‍ കൊണ്ടുപോകാം. ഓരോ കടയിലും പായസത്തിന്റെ വിലയും പലതാണ്. വലിയ ഹോട്ടലുകളില്‍നിന്നുള്ള പായസം ഓണ്‍ലൈനില്‍ വാങ്ങാം. അര ലിറ്ററിന് 270 രൂപമുതലാണു വിലയീടാക്കുന്നത്.
കടകളില്‍ ലഭിക്കുന്ന പായസം മിക്സുകള്ക്കും ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. വിവിധ ബ്രാന്ഡുകള്ക്കനുസരിച്ചു വിലയും വ്യത്യസ്തമാണ്.
മുന്‍കാലങ്ങളില്‍ സേമിയയും പാലടയും അടപ്രഥമനും മാത്രമായിരുന്നു പായസം മിക്സുകള്‍. എന്നാല്‍ ഇപ്പോള്‍ പരിപ്പ് പ്രഥമനും വിപണിയില്‍ ലഭ്യമാണ്. ഇവയ്ക്ക് പുറമേ ഇളനീര് പായസം, പഞ്ചാമൃതപായസം, അവില് പായസം, പഞ്ചരത്നപായസം, ചക്ക പായസം, കടല പായസം, പഴം പായസം, മാമ്പഴ പായസം എന്നിങ്ങനെ നീളുന്നു ഇക്കുറി ഓണത്തിനൊരുങ്ങുന്ന വെറൈറ്റി പായസങ്ങളുടെ നിര. പാല് പായസത്തിനൊപ്പം ഇപ്പോള്‍ ബോളിയും താരമായിട്ടുണ്ട്.
പായസത്തിനു പുറമേ ബേക്കറികളില്‍ ഉപ്പേരി, ശര്‍ക്കരവരട്ടി വില്പനയും പൊടിപൊടിക്കുകയാണ്. ഓണക്കാലത്ത് വലിയ തോതില്‍ ചെലവാകുന്നഉപ്പേരിയും ശര്‍ക്കരവരട്ടിയും ബേക്കറികളിലും കുടുംബശ്രീയുടെ ശാഖകളിലും പ്രത്യേക സ്റ്റാളുകളിൽ വിപണനം ആരംഭിച്ചിട്ടുണ്ട്.
പരിശോധന
കാര്യക്ഷമമാക്കണമെന്ന്
ഓണവിപണി ലക്ഷ്യമിട്ട് എത്തിയിരിക്കുന്ന ഉപ്പേരിയിലും ശര്ക്കരവരട്ടിയിലും വ്യാജന്മാരുമുണ്ട്. വിപണിയില്‍ ഉപ്പരിക്ക് 430 രൂപ മുതല്‍ 480 രൂപ വരെയാണു വിലയീടാ ക്കുന്നത്. ശര്‍ക്കരവരട്ടിക്ക് 250 രൂപയാണ് വിവിധ കടകളില്‍ വിലയീടാക്കുന്നത്. എന്നാല്‍ വ്യാജ വെളിച്ചെണ്ണയില്‍ തയാറാക്കുന്ന ആരോഗ്യത്തിനു ഹാനികരമായ ഉപ്പേരിയും ശര്‍ക്കരവരട്ടിയും കടകളില്‍ എത്തിയിട്ടുണ്ട്.
ഓണക്കാലത്ത് ഭക്ഷ്യവകുപ്പ് മായം കലര്‍ന്ന സാധനങ്ങള്‍ കണ്ടെത്തുന്നതിനായി റെയ്ഡും പരിശോധനകളും നടത്തുന്നുണ്ടെങ്കിലും വ്യാജന്മാര് വിപണിയില്‍ സുലഭമാണെന്നു പരാതിയുണ്ട്. കടകളില്‍ പരിശോധകള്‍ നടക്കുന്നുണ്ടെങ്കിലും പാതയോരങ്ങളില്‍ വില്പന നടത്തുന്ന സ്ഥലങ്ങളില്‍ പരിശോധനകളില്ലെന്നാണു പരാതി.
നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ വില കുറച്ചാണ് ഗുണമേന്മയില്ലാത്തവ വിപണിയില്‍ വില്‍ക്കപ്പെടുന്നത്. ഗുണനിലവാരത്തേക്കാള്‍ വിലക്കുറവാണ് പൊതുജനങ്ങളെ ആകൃഷ്ടരാക്കുന്നത്. പലപ്പോഴും ശുദ്ധമായ വെളിച്ചെണ്ണയില്‍ നിര്‍മിച്ചതെന്ന് കാണിച്ചാണ് വിപണനം. ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡങ്ങളും ലൈസന്‍സ് ഇല്ലാതെയും പ്രവർത്തിക്കുന്നവയാണ്. ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നത്.
ഇത്തരം സംഘങ്ങള്‍ മായം കലര്‍ന്ന ശര്‍ക്കരയാണ് ശര്‍ക്കരവരട്ടിക്ക് ഉപയോഗിക്കുന്നത്. ഏത്തക്കായ്ക്കു പുറമേ റോബസ്റ്റയും ചിപ്സ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്നും പരാതിയുണ്ട്.